ആപ്പ്ജില്ല

പതഞ്ജലിയുടെ കൊവിഡ് മരുന്ന് രോഗികൾക്ക് നൽകിയ ആശുപത്രിയ്ക്ക് നോട്ടീസ്

കൊവിഡ് രോഗികള്‍ക്ക് മരുന്ന് നൽകിയപ്പോൾ 100 ശതമാനം ഫലം ചെയ്തെന്നാണ് ബാബാ രാംദേവിൻ്റെ അവകാശവാദം. എന്നാൽ മരുന്ന് പരീക്ഷണത്തിന് യാതൊരു വിധ അനുമതികളും തേടിയിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Samayam Malayalam 26 Jun 2020, 8:47 pm
ന്യൂഡൽഹി: പതഞ്ജലി നിര്‍മിച്ച കൊവിഡ് മരുന്ന് പരീക്ഷണാര്‍ഥം രോഗികൾക്ക് നല്‍കിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കേസ്. പതഞ്ജലി നടത്തിയെന്ന് അവകാശപ്പെടുന്ന മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത ജയ്പൂരിലെ നിംസ് ആശുപത്രിയോടാണ് രാജസ്ഥാൻ സര്‍ക്കാര്‍ വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനാണ് ആശുപത്രിയോട് സര്‍ക്കാര്‍ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Samayam Malayalam ബാബാ രാംദേവിൻ്റെ മരുന്ന് വിവാദത്തിൽ
ബാബാ രാംദേവിൻ്റെ 'മരുന്ന്' വിവാദത്തിൽ


പതഞ്ജലി നിര്‍മിച്ച കൊറോണിൽ എന്ന ആയുര്‍വേദ ഗുളിക ഒരാഴ്ചയ്ക്കകം കൊവിഡ് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ മരുന്ന് വിപണിയിലെത്തിക്കുന്നതിനു മുൻപായി നടത്തിയ മരുന്നു പരീക്ഷണത്തിന് സംസ്ഥാന സര്‍ക്കാരിൽ നിന്ന് അനുമതി നേടുകയോ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Also Read: കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയ്ക്കു കൊവിഡ്

കൊവിഡിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ ആയുര്‍വേദ മരുന്നാണ് തങ്ങള്‍ പുറത്തിറക്കിയതെന്നാണ് ബാബാ രാംദേവിൻ്റെ നിയന്ത്രണത്തിലുള്ള പതഞ്ജലി പറയുന്നത്. എന്നാൽ അംഗീകൃത ഏജൻസികളൊന്നും മരുന്നിന് അംഗീകാരം നല്‍കിയിട്ടില്ല. മരുന്നിൻ്റെ പരസ്യം നൽകുന്നതിൽ നിന്നും കമ്പനിയെ ആയുഷ് മന്ത്രാലയം വിലക്കിയിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് മരുന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് വിറ്റാൽ കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

Also Read: മുബൈ സ്‌ഫോടന പരമ്പരയിലെ പ്രതി യൂസഫ് മേമന്‍ ജയിലില്‍ മരിച്ചു

കൊവിഡ് രോഗികളിൽ 100 ശതമാനം ഫലപ്രദമായി മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പതഞ്ജലി വ്യക്തമാക്കിയത്. നിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് മരുന്ന് വികസിപ്പിച്ചതെന്ന് ബാബാ രാംദേവ് ഉദ്ഘാടന വേളയിൽ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയ്ക്കെതിരെയുള്ള നടപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്