ആപ്പ്ജില്ല

കാറ്റാടി കൊണ്ട് വെള്ളവും ഓക്സിജനും ഉണ്ടാക്കാമെന്ന് മോദി; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു പുറമെ കാറ്റാടിയന്ത്രം ഉപയോഗിച്ച് ഓക്സിജനും വെള്ളവും വേര്‍തിരിച്ചു കൂടേ എന്നായിരുന്നു വെസ്റ്റാസ് സിഇഓയോട് പ്രധാനമന്ത്രിയുടെ ചോദ്യം.

Samayam Malayalam 9 Oct 2020, 5:51 pm
ന്യൂഡൽഹി: വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രം ഉപയോഗിച്ച് ശുദ്ധജലവും ഓക്സിജനും വേര്‍തിരിച്ചു കൂടേയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാറ്റാടിയന്ത്ര കമ്പനിയായ വെസ്റ്റാസ് സിഇഓയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിമുഖത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.
Samayam Malayalam Modi-Rahul-Corona
രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി Photo: Navbharav Times


"ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടം അത് പ്രധാനമന്ത്രിയ്ക്ക് മനസ്സിലാകുന്നില്ല എന്നതല്ല. അത് അദ്ദേഹത്തോട് പറയാൻ ആര്‍ക്കും ധൈര്യമില്ല എന്നതാണ്." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് ആറിന് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിൻ്റെ വീഡിയോ ക്ലിപ്പ് സഹിതമായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു പുറമെ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് വായുവിൽ നിന്ന് ജലാംശം വലിച്ചെടുക്കാൻ കഴിഞ്ഞാൽ അത് ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഉപകരിക്കില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

Also Read: മാവോയിസ്റ്റ് നേതാവ് ജലീലിന്റെ കൊലപാതകം; മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു; വസ്തുതാ വിരുദ്ധമെന്ന് ബന്ധുക്കൾ

"ഇതേ ടര്‍ബൈൻ ഉപയോഗിച്ച് നമുക്ക് വായൂവിൽ നിന്ന് ഓക്സിജൻ വേര്‍തിരിച്ചു കൂടേ എന്നതാണ് മറ്റൊരു നിര്‍ദേശം. ഇങ്ങനെ ചെയ്യാൻ സാധിച്ചാൽ ഒരു കാറ്റാടി യന്ത്രത്തിന് ശുദ്ധജലവും ഓക്സിജനും വൈദ്യുതിയും നല്‍കാൻ സാധിക്കും. നിങ്ങളുടെ ശാസ്ത്രജ്ഞര്‍ക്ക് ഈ രീതിയിൽ എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ കഴിയില്ലേ?" വെസ്റ്റാസ് സിഇഓ ഹെൻറിക് ആൻഡേഴ്സണോട് പ്രധാനമന്ത്രി ചോദിച്ചു. എന്നാൽ ഇതിനു മറുപടിയായി പ്രധാനമന്ത്രിയെ ഡെൻമാര്‍ക്കിലേയ്ക്ക ക്ഷണിച്ച ആൻഡേഴ്സൺ "താങ്കള്‍ക്ക് ഞങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായി ആശയങ്ങള്‍ വികസിപ്പിക്കാനുള്ള" ചുമതല നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. വെസ്റ്റാസ് സിഇഓയുടെ മറുപടി കേട്ട് പ്രധാനമന്ത്രി ചിരിക്കുന്നതും വീഡിയോയിൽ കാണാം.


Also Read: സമാധാന നൊബേൽ പുരസ്കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്; 'വിശപ്പിനെതിരെയുള്ള പോരാട്ടത്തിന് സമ്മാനം'

കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം സംബന്ധിച്ചുള്ള ഓൺലൈൻ ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രി തൻ്റെ "ആശയങ്ങള്‍" വെസ്റ്റാസ് സിഇഓയുമായി പങ്കുവെച്ചത്. ലോകത്തെ തന്നെ ഏറ്റവും വലിയ കാറ്റാടിയന്ത്ര നിര്‍മാണ കമ്പനികളിലൊന്നാണ് വെസ്റ്റാസ്.

അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രിയെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. "മനസ്സിലാകാത്തത്" രാഹുൽ ഗാന്ധിയ്ക്കാണെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ലോകത്തെ ഏറ്റവും വലിയ കാറ്റാടിയന്ത്ര കമ്പനിയാണ് പ്രധാനമന്ത്രിയെ പിന്തുണച്ചതെന്നും രാഹുൽ ഗാന്ധിയ്ക്ക് ഇത് മനസ്സിലാകുന്നില്ലെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയലും പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്