ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ബെംഗളൂരുവില്‍ കോടികള്‍ ചെലവിട്ട് മോടിപിടിപ്പിച്ച റോഡ് തകര്‍ന്നായി പരാതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി 23 കോടി രൂപ ചെലവിട്ട് റോഡ് നവീകരണം പൂര്‍ത്തിയാക്കിയെന്നായിരുന്നു ബിബിഎംപി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനം.
കനത്ത മഴയെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ മാത്രം റോഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൂര്‍ണമായും റോഡുകള്‍ തകര്‍ന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിബിഎംപി ചീഫ് കമ്മീഷണര്‍ തുഷാര്‍ ഗിരിനാഥ് പ്രതികരിച്ചു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി നേരത്തെ സര്‍ക്കാരിനെയും ബിബിഎംപിയേയും വിമര്‍ശിച്ചിരുന്നു.