ആപ്പ്ജില്ല

പ്രോടൈം സ്പീക്ക‍ര്‍ തുടരും; സഭാനടപടികള്‍ തത്സമയം

സത്യപ്രതിജ്ഞയും വിശ്വാസവോട്ടും മാത്രമേ ഇന്നു അജണ്ടയിലുണ്ടാകൂ എന്ന് കോടതി

Samayam Malayalam 19 May 2018, 11:32 am
ന്യൂഡൽഹി: ക‍ര്‍ണാടക നിയമസഭയിൽ പ്രോടൈം സ്പീക്കറായി ബിജെപി എംഎൽഎ കെ ജി ബൊപ്പയ്യ തുടരും. സ്പീക്കറുടെ നിയമനത്തിൽ കോടതിയ്ക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സുതാര്യത ഉറപ്പാക്കാൻ നിയമസഭയിലെ നടപടിക്രമങ്ങള്‍ പ്രാദേശികമാധ്യമങ്ങളിലൂടെ തത്സമയസംപ്രേഷണം ചെയ്യാൻ കോടതി അനുമതി നല്‍കി. കോടതിനടപടികള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.
Samayam Malayalam Supreme-Court-of-India


സത്യപ്രതിജ്ഞയും വിശ്വാസ വോട്ടും മാത്രമേ ഇന്ന് നിയമസഭയുടെ അജണ്ടയിലുണ്ടാകാവൂ എന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശം കോൺഗ്രസിന് ഭാഗികമായി അനുകൂലമാണെങ്കിലും പ്രോടൈം സ്പീക്കറായുള്ള ബൊപ്പയ്യയുടെ നിയമനം റദ്ദാക്കണമെന്ന കോൺഗ്രസ് വാദം കോടതി അംഗീകരിച്ചില്ല. ബൊപ്പയ്യയ്ക്കെതിരായ ഹര്‍ജി കോടതി പിൻവലിച്ചു.

കെ ജി ബൊപ്പയ്യയുടെ മോശം പ്രതിച്ഛായ പരിഗണിക്കണമെന്നും ബൊപ്പയ്യ പണ്ട് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ടെന്നും കോൺഗ്രസിനു വേണ്ടി അഭിഷേക് സിംഗ്വി വാദിച്ചു. എന്നാൽ ഒരാളുടെ നിഷ്‍‍പക്ഷത സംബന്ധിച്ച് വാദം നടക്കുമ്പോള്‍ അയാളുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അതിനായി ബൊപ്പയ്യയ്ക്ക് നോട്ടീസ് അയയ്ക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസവോട്ട് മാറ്റിവയ്ക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു.

എന്നാൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാചടങ്ങുകള്‍ നടത്തുന്നതിന് ബൊപ്പയ്യ നേതൃത്വം നല്‍കട്ടെ, വിശ്വാസവോട്ട് ബൊപ്പയ്യയുടെ നേതൃത്വത്തിൽ വേണ്ടെന്നായിരുന്നു കപിൽ സിബലിന്‍റെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. വിശ്വാസവോട്ട് നീട്ടിവയ്ക്കേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെ ഹ‍ര്‍ജിയിൽ നിന്ന് കോൺഗ്രസ് പിൻവാങ്ങുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്