ആപ്പ്ജില്ല

'ഭക്ഷണം തന്നില്ല, വീട്ടിൽ നിന്ന് ആട്ടി പുറത്താക്കി': ഐശ്വര്യ റായ്

ലാലു പ്രസാദ് വീട്ടിലുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭിവിക്കില്ലായിരുന്നെന്ന് ഐശ്വര്യ റായ് പറഞ്ഞു. ഐശ്വര്യയുടെ അച്ഛൻ ചന്ദ്രിക റായിയും ആർജെഡി നേതാവാണ്.

Samayam Malayalam 30 Sept 2019, 11:55 am
ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ ഐശ്വര്യ റായി. ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ബിഹാർ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ. കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഐശ്വര്യ രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam tej pratap and wife


വിവാഹമോചനം ആവശ്യപ്പെട്ട് ഇവരിൽ നിന്നും അകന്ന് മറ്റൊരു വീട്ടിലാണ് തേജ് പ്രതാപ് താമസിക്കുന്നത്. ഭർതൃ ഗൃഹത്തിൽ നിന്ന് തനിക്ക് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നെന്നും കഴിഞ്ഞ രാത്രി കനത്ത മഴയത്ത് വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നുമാണ് ഐശ്വര്യയുടെ ആരോപണം. മുൻ ബിഹാർ മുഖ്യമന്ത്രിയും ഭർത്തൃമാതാവുമായ റാബറി ദേവിക്കെതിരെയും ഭർതൃ സഹോദരി മിസാ ഭാരതിക്കുമെതിരെയാണ് ഐശ്വര്യയുടെ ആരോപണം. മൂന്ന് നേരം ആഹാരം തരാൻ പോലും അവർ വിസമ്മതിച്ചിരുന്നതായി ഐശ്വര്യ ആരോപിച്ചു.

Read More: ബിഹാർ മുൻ ആരോഗ്യമന്ത്രി മയക്കുമരുന്ന് അടിമയെന്ന് ഭാര്യ

പോലീസ് ഇടപെടലിനെ തുടർന്നാണ് മണിക്കൂറുകൾക്ക് ശേഷം വീടിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത്. തേജ് പ്രതാപിന്റെ സഹോദരിയും രാജ്യസഭാ എംപിയുമായ മിസാ ഭാരതിക്കും തന്റെ കുടുംബ ജീവിതം തകർത്തതിൽ പങ്കുണ്ടെന്ന് ഐശ്വര്യ ആരോപിച്ചു. എന്നാൽ, സഹോദരന്റെ കുടുംബ ജീവിതത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും പാട്നയിലെ അവരുടെ വീട്ടിലേക്ക് തൻ പോകാറേയില്ലെന്നും മിസാ ഭാരതി പ്രതികരിച്ചു. ഭർതൃ പിതാവായ ലാലു പ്രസാദ് യാദവ് ജയിലിൽ അല്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ഐശ്വര്യ പറഞ്ഞു.

തേജ് പ്രതാപിന്റെ അമ്മയും ബന്ധുക്കളും തനിക്ക് ഭക്ഷണം തന്നിരുന്നില്ല. തന്റെ മാതാപിതാക്കൾ അയച്ചു തന്നിരുന്ന ഭക്ഷണം കഴിച്ചാണ് ഭർതൃവീട്ടിൽ കഴിഞ്ഞിരുന്നതെന്നും ഐശ്വര്യ ആരോപിച്ചു. ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കയറാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെ സഹായിയുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ഞായറാഴ്ച രാത്രി റാബറി ദേവിയുടെ മുന്നിൽ വെച്ച് തേജ് പ്രതാപിന്റെ സഹോദരി മിസാ ഭാരതി ഐശ്വര്യയെ വീടിന് പുറത്താക്കി വാതിലടച്ചുവെന്നാണ് ആരോപണം.

Read More: ലാലു പ്രസാദ് യാദവിന്‍റെ മകന്‍ വിവാഹിതനാകുന്നു

ലാലു പ്രസാദ് യാദവ് യോഗങ്ങൾ സംഘടിപ്പിച്ചിരുന്ന ഷെഡിനുള്ളിൽ കഴിഞ്ഞ ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റോയിയും പോലീസും എത്തിയ ശേഷമാണ് അവരെ വീടിനുള്ളിലേക്ക് തിരികെ കയറ്റിയത്. മൂന്ന് മാസത്തിലേറെയായി തേജ് പ്രതാപിന്റെ സഹോദരി മിസാ ഭാരതിയുടെ നിർദേശ പ്രകാരമാണ് തനിക്ക് ഭക്ഷണം തരാതിരുന്നതെന്നാണ് ഐശ്വര്യയുടെ ആരോപണം. നേരത്തെ തേജ് പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് ഐശ്വര്യ ആരോപിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് കഴിഞ്ഞാൽ തേജ് പ്രതാപ് വിചിത്രമായി പെരുമാറിയിരുന്നെനും ഐശ്വര്യ ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്