ആപ്പ്ജില്ല

'വിലക്ക് വകവെച്ചില്ല'; അമിത് ഷായുടെ വസതിയിലേക്ക് ഷഹീൻ ബാഗ് പ്രതിഷേധക്കാർ മാർച്ച് ആരംഭിച്ചു

മാർച്ച് തടയാൻ റോഡിൽ രണ്ടിടത്താണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം അമിത് ഷായെ കാണണമെന്ന തീരുമാനവുമായി മുന്നോട്ടുപോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Samayam Malayalam 16 Feb 2020, 3:09 pm
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീൻ ബാഗിലെ 5,000ത്തിലധികം വരുന്ന പ്രതിഷേധക്കാരുടെ മാർച്ച് ആരംഭിച്ചു. പോലീസ് അനുമതി നിഷേധിച്ചിട്ടും മാർച്ചുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു പ്രതിഷേധക്കാർ. ബാനറുകളും പതാകകളും ഉയർത്തിയാണ് വനിതകളുടെ നേതൃത്വത്തിൽ മാർച്ച് ആരംഭിച്ചിരിക്കുന്നത്.
Samayam Malayalam amit shah


ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ അനുമതി തേടി പ്രതിഷേധക്കാർ പോലീസിനെ സമീപിച്ചിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. കാൽനടയായി അയ്യായിരത്തോളം പ്രതിഷേധക്കാർ മാർച്ച് നടത്തുമെന്നായിരുന്നു സമരക്കാർ പോലീസിനെ അറിയിച്ചിരുന്നത്. അതേസമയം പ്രതിഷേധക്കാർക്ക് കാര്യങ്ങൾ മനസിലാകുമെന്നാണ് കരുതുന്നതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ആർപി മീണ പ്രതികരിച്ചു.

Also Read: വിദ്വേഷ പ്രസംഗം ബിഹാറിൽ അനുവദിക്കില്ല; ഡൽഹി തിരിച്ചടിക്ക് പിന്നാലെ BJPയോട് LJP


കൃഷ്ണ മേനോൻ മാർഗിലുള്ള അമിത് ഷായുടെ വീടിന്‍റെ പരിസരം പൂർണ്ണമായും ബാരിക്കേഡിനുള്ളിലാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ മാർച്ച് കടന്നുവരുന്ന റോഡിൽ രണ്ടിടത്ത് പോലീസ് ബാരിക്കേഡ് ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമങ്ങൾക്കെതിരെ കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഷഹീൻ ബാഗിൽ സ്ത്രീകൾ സമരത്തിലാണ്.

കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ തങ്ങൾ തയ്യാറാണെന്ന് ഒരുവിഭാഗം സമരക്കാർ പറഞ്ഞിരുന്നു. അതേസമയം അമിത് ഷായെ കാണണമെന്ന് പറഞ്ഞ പ്രതിഷേധക്കാർ അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നും കാണാനാഗ്രഹിക്കുന്നവരുടെ പട്ടിക കൈമാറമെന്നും പോലീസ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്