ആപ്പ്ജില്ല

മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലിച്ചു; കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തായി ശിവസേന

സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിക്കണമെങ്കിൽ കേന്ദ്രത്തിൽ ബിജെപിയുമായുള്ള ബന്ധം ശിവസേന അവസാനിപ്പിക്കണമെന്ന് എൻസിപിയായിരുന്നു ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജിവെയ്ക്കുകയായിരുന്നു.

Samayam Malayalam 23 Nov 2019, 6:25 pm
Samayam Malayalam shiv sena in opposition in both maharashtra and parliament biggest loser in maharashtra political crisis as ajit pawar switch to bjp
മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലിച്ചു; കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തായി ശിവസേന

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ശിവസേന- ബിജെപി സഖ്യത്തിന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി നടത്തിയ നീക്കങ്ങൾ ശിവസേനയെ പ്രതിപക്ഷത്തെത്തിച്ചിരിക്കുകയാണ്. രണ്ടര വർഷം മുഖ്യമന്ത്രിപദമെന്ന ആവശ്യമായിരുന്നു ശിവസേന മുന്നോട്ടുവെച്ചത് എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറായില്ല.

തെരഞ്ഞെടുപ്പിന്‍റെ ഒരുഘട്ടത്തിൽ പോലും മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന് ഒരു നേതാക്കളും വാക്ക് നൽകിയിട്ടില്ലെന്ന് ബിജെപി പറഞ്ഞതോടെ സഞ്ജയ് റാവത്തിന്‍റെ നേതൃത്വത്തിൽ ശിവസേന എൻസിപിയുമായും കോൺഗ്രസുമായും അടുക്കുകയായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു സേനയുടെ ഈ നീക്കങ്ങളെല്ലാം. ബിജെപിയ്ക്കെതിരെ പാർട്ടി മുഖപത്രത്തിലൂടെ രൂക്ഷ വിമർശനങ്ങളാണ് സഞ്ജയ് റാവത്ത് ഈ ഘട്ടത്തിലെല്ലാം നടത്തിയത്.

Also Read: 'അഴിമതിക്കേസിൽ അകത്താകുമെന്ന ഭയമോ?' അജിത് പവാർ മറുകണ്ടം ചാടിയതിനു പിന്നിലെന്ത്?

ശിവസേന- ബിജെപി ബന്ധം തകർന്നെങ്കിലും ശിവസേനയോട് കൈ കോർക്കണമെങ്കിൽ കേന്ദ്രത്തിൽ എൻഡിഎ സർക്കാരിലുൾപ്പെടെ ബിജെപിയുമായുള്ള എല്ലാ ബന്ധവും ശിവസേന അവസാനിപ്പിക്കണമെന്ന ഉപാധിയായിരുന്നു എൻസിപി ആദ്യം മുന്നോട്ട് വെച്ചത്. കേന്ദ്ര മന്ത്രിസഭയിൽ നിന്നും ശിവസേന വിട്ടു നിന്നാൽ മാത്രമെ ചർച്ചകൾ ആരംഭിക്കൂവെന്നും എൻസിപി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ പാർട്ടിയ്ക്ക് മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കസേര ലഭിക്കുന്നതിനായി ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്ന അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിക്കുകയും ചെയ്തു. കാര്യമായ കൂടിയാലോചനകളൊന്നും ഇല്ലാതെയായിരുന്നു സാവന്തിന്‍റെ രാജി. പിന്നാലെ രാജ്യസഭയിൽ ശിവസേന തങ്ങളുടെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി.



കേന്ദ്രത്തിൽ പ്രതിപക്ഷത്തിരുന്നാലും സംസ്ഥാനത്ത് അഞ്ച് വർഷം മുഖ്യമന്ത്രിക്കസേര ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്ന ശിവസേനയ്ക്കാണ് അജിത് പവാറും ബിജെപിയും ചേർന്ന സർക്കാർ തിരിച്ചടിയായിരിക്കുന്നത്. ഇനി കേന്ദ്രത്തിലും മഹാരാഷ്ട്രയിലും പ്രതിപക്ഷത്താവുകയാണെങ്കിൽ പാർട്ടിയിലെ എംഎൽഎമാരെ തന്നെ നഷ്ടമാകുമോയെന്ന ആശങ്കയും സേനയ്ക്കുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്