ആപ്പ്ജില്ല

കൊടികൾ പലനിറം, ഏക ശബ്ദത്തിൽ മുദ്രാവാക്യം; നിരാങ്കരി മൈതാനിയിലെ കർഷക പ്രതിഷേധം

ആയിരക്കണക്കിന് കർഷകർ ദേശീയപാതയിൽ പ്രതിഷേധം തുടരുകയാണ്. പോലീസ് അനുവദിച്ച സ്ഥലത്തേക്ക് വളരെ കുറച്ച് കർഷകർ മാത്രമാണ് പ്രവേശിച്ചതും ഒത്തുകൂടിയതും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

Samayam Malayalam 28 Nov 2020, 5:31 pm
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് രാജ്യതലസ്ഥാനത്തേക്ക് പ്രവേശനാനുമതി നൽകില്ലെന്നായിരുന്നു ഡൽഹി പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ ബാരിക്കേഡുകളെല്ലാം മറികടന്ന് കൂടുതൽ കർഷകർ സംസ്ഥാന അതിർത്തിയിലേക്ക് എത്തിയതോടെ നിലപാട് മാറ്റിയ പോലീസ് വടക്കൻ ഡൽഹിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാമെന്ന് അറിയിച്ചു.
Samayam Malayalam farmer_protest_PTI
കർഷക മാർച്ചിൽ നിന്നുള്ള ദൃശ്യം.PHOTO: PTI


കൂടുതൽ കർഷകരും പോലീസ് അനുവദിച്ച സ്ഥലത്ത് എത്താതെ ഹൈവേയിൽ തന്നെ തുടർന്നപ്പോൾ ചുരുക്കം ചില കർഷകർ മാത്രമാണ് ബുരാരിയിലെ നിരാങ്കരി മൈതാനത്ത് എത്തിയത്. പലനിറത്തിലുള്ള കൊടികളുമായാണ് മൈതാനത്തേക്ക് എത്തിയതെങ്കിലും ഒരേ സ്വരത്തിൽ ഒരേ മുദ്രാവാക്യമാണ് ഇവർ മുഴക്കിയത്.

Also Read : സർക്കാർ തന്ന സ്ഥലത്ത് പ്രതിഷേധിക്കാനില്ല; കർഷകസമരക്കാർ ഹൈവേയിൽ തുടരുന്നു; സമ്മർദ്ദത്തിൽ കേന്ദ്രം

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാനൂറോളം കർഷകരാണ് നിരാങ്കരി മൈതാനത്ത് ശനിയാഴ്ച ഒത്തുചേർന്നത്. ചുവപ്പും, പച്ചയും, നീലയും നിറത്തിലുള്ള കൊടികളുമായെത്തിയ കർഷകർ ഉറക്കെ മുദ്രാവാക്യം മുഴക്കിയും പാട്ട് പാടിയുമാണ് കേന്ദ്ര കാർഷിക നയത്തിനെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്.

അതേസമയം ആയിരകണക്കിന് കർഷകരാണ് തുടർച്ചയായ മൂന്നാംദിവസവും സംസ്ഥാന അതിർത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കുന്നത്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധവുമായെത്തിയ കർഷകരിൽ കൂടുതൽ പേരും.

Also Read : ജലപീരങ്കിയുടെ മുകളിൽ കയറി പമ്പിങ് നിര്‍ത്തി; വിദ്യാർഥിയ്ക്കെതിരെ വധശ്രമത്തിന് കേസ്

ബുരാരിയിലേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാര്‍ക്ക് അനുമതി നല്‍കിയെങ്കിലും ജന്തര്‍ മന്തര്‍ അടക്കമുള്ള സ്ഥലങ്ങളാണ് കര്‍ഷക സംഘടനകള്‍ പ്രതിഷേധത്തിനായി ആവശ്യപ്പെടുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുമായി ഡിസംബർ മൂന്നിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.

നേരത്തെ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ട്രക്കും കണ്ടെയ്നറുകളുമായാണ് പോലീസ് പ്രതിഷധേക്കാരെ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചത്. പക്ഷേ കര്‍ഷകര്‍ ഇവ തള്ളിമാറ്റി കൊണ്ട് മുന്നോട്ടു നീങ്ങുകയായിരുന്നു. ഇതോടെയാണ് വടക്കൻ ഡൽഹിയിൽ പ്രവേശിക്കാൻ പോലീസ് അനുമതി നൽകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്