ആപ്പ്ജില്ല

പോലീസുകാരന്റെ കൊലപാതകത്തെക്കുറിച്ച് മിണ്ടിയില്ല; ഗോവധത്തിനെതിരെ നടപടിയെന്ന് യോഗി

പശുക്കളെ കൊലപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് യോഗിയുടെ നിലപാട്.

Samayam Malayalam 5 Dec 2018, 11:30 am
ലഖ്നൌ: ബുലന്ദ്ശഹറിൽ പോലീസുകാരനടക്കം രണ്ടുപേരെ ഗോസംരക്ഷകർ കൊലപ്പെടുത്തിയതിനെതിരെ പ്രതികരിക്കാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം യോഗി വിളിച്ചുചേർത്ത യോഗത്തിൽ ഗോവധം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
Samayam Malayalam Yogi Adityanath bulandshahr


ബുലന്ദ്ശഹറിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകന യോഗം വിളിച്ചുചേർത്തിരുന്നു. പശുക്കളെ കൊല്ലുന്നവർക്കെതിരെ കർശ്ശന നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്ന് അവലോകന യോഗത്തിനു ശേഷം പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു. പശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ വലിയതോതിലുള്ള ഗൂഢാലോചന നടന്നതായാണ് മുഖ്യമന്ത്രി സംശയിക്കുന്നതെന്ന് അഡീഷ്ണൽ ചീഫ് സെക്രട്ടറിയായ അവിനാഷ് അവാസ്തി പറഞ്ഞു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും നിയമത്തിനു മുന്നിലെത്തിക്കാനും യോഗി ആദിത്യനാഥ് നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ്ങിനെ ഗോ സംരക്ഷകർ കൊലപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രിയോ മറ്റ് ഉദ്യോഗസ്ഥരോ തയ്യാറായില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് കലാപത്തിനു പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്