ആപ്പ്ജില്ല

യോഗി സര്‍ക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; ഡോ. കഫീൽ ഖാനെതിരെ രാജ്യസുരക്ഷാനിയമം നിലനിൽക്കില്ല

ക്രിമിനിൽ കേസിനെ അതിൻ്റെ മെറിറ്റിൽ കാണണമെന്നും ഡോക്ടറെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധിയിൽ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Samayam Malayalam 17 Dec 2020, 2:46 pm
ന്യൂഡൽഹി: ഡോക്ടര്‍ കഫീൽ ഖാനെതിരെ രാജ്യസുരക്ഷാ നിയമം ചുമത്തിയ യുപി സര്‍ക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിച്ചതിനായിരുന്നു കഫീൽ ഖാനെതിരെ യുപി സര്‍ക്കാര്‍ കടുത്ത നിയമം പ്രയോഗിച്ചത്. ക്രിമിനൽ കേസുകള്‍ അതിൻ്റെ മെറിറ്റിൽ പരിഗണിക്കണമെന്നും മറ്റൊരു കേസിൽ കസ്റ്റഡിയിൽ വെക്കാനായി ഇത് ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Samayam Malayalam Kafeel Khan
ഡോ. കഫീൽ ഖാൻ Photo: The Times of India/File


മുൻപ് അലഹാബാദ് ഹൈക്കോടതി കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്.

Also Read: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

"അലഹാബാദ് ഹൈക്കോടതിയുടെ വിധി നല്ലതാണെന്നാണ് തോന്നുന്നത്. ഈ ഉത്തരവിൽ ഇടപെടേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ക്രിമിനൽ കേസിൻ്റെ വിചാരണയെ ഈ ഉത്തരവ് ബാധിക്കില്ല." സുപ്രീം കോടതി വ്യക്തമാക്കി.

ഡോ. കഫീൽ ഖാനെ രാജ്യസുരക്ഷാ നിയമപ്രകാരം തടവിൽ വെച്ച നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. ഡോക്ടറെ മോചിപ്പിക്കാൻ സെപ്റ്റംബര്‍ ഒന്നിനായിരുന്നു കോടതി ഉത്തരവിട്ടത്. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Also Read: വടക്കാഞ്ചേരിയിൽ പരാജയപ്പെട്ടതിന്‍റെ പരിപൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: അനിൽ അക്കര

അലിഗഡ് മുസ്ലീം സര്‍വകലാശാലയിൽ പൗരത്വ നിയമ പ്രതിഷേധത്തിനിടെ വിദ്വേഷപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ജനുവരിയിൽ ഡോ. കഫീൽ ഖാൻ അറസ്റ്റിലായത്. മുംബൈയിൽ വെച്ചായിരുന്നു യുപി പോലീസിൻ്റെ പ്രത്യേക വിഭാഗം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അലിഗഡിലെ ജനങ്ങള്‍ക്കിടയിൽ ഭീതി വളര്‍ത്തിയെന്നും ആരോപിച്ചായിരുന്നു ഇദ്ദേഹത്തിനെതിരെ എൻഎസ്എ ചുമത്തിയത്.

ആദ്യം മറ്റു വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ കഫീൽ ഖാന് ജാമ്യം ലഭിച്ചതോടെയായിരുന്നു ഫെബ്രുവരി 10ന് യുപി പോലീസ് ദേശസുരക്ഷാ നിയമം ചുമത്തിയത്. ഈ നിയമപ്രകാരം സര്‍ക്കാരിന് ആളുകളെ ഒരു വര്‍ഷം വരെ തടവിൽ വെക്കാൻ സാധിക്കും. രാജ്യത്തിനോ ഉഭയകക്ഷി ബന്ധങ്ങള്‍ക്കോ ഭീഷണിയാകുന്നവര്‍ക്കെതിരെയാണ് ഈ നിയമം ചുമത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്