ആപ്പ്ജില്ല

ഡല്‍ഹി വിഷവായുവില്‍ ശ്വാസംമുട്ടുന്നോ?; 'ശുദ്ധ ഓക്സിജന്‍' ശ്വസിക്കാം 15 മിനിറ്റിന് ചാര്‍ജ് 299 രൂപ

ഏഴ് വ്യത്യസ്ത സുഗന്ധത്തോടുകൂടി ശുദ്ധവായു ശ്വസിക്കാനുള്ള അവസരമാണ് ഓക്സിജൻ ബാർ നൽകുന്നത്. ഒരു ദിവസം ഒരാൾക്ക് 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കാനാണ് അവസരം.

Samayam Malayalam 10 Nov 2019, 8:23 pm
Samayam Malayalam oxy pure

ന്യൂഡൽഹി: വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിനിൽക്കുന്ന ഡൽഹിയിൽ ശുദ്ധവായു വിൽപ്പനയ്ക്ക്. ഡൽഹിയിലെ സാകേതിൽ ഓക്സി പ്യൂവർ എന്ന പേരിലാണ് ഓക്സിജൻ ബാർ പ്രവർത്തിക്കുന്നത്. പതിനഞ്ച് മിനിറ്റു നേരത്തേക്ക് ശുദ്ധവായു നൽകാമെന്നാണ് ഓക്സി പ്യുവർ വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ മെയ് മാസമാണ് ഓക്സി പ്യുവർ സാകേതിൽ പ്രവർത്തനം ആരംഭിച്ചത്. ശുദ്ധവായുവാണ് ഓക്സിജൻ ബാർ വാഗ്ദാനം ചെയ്യുന്നത്. ഏഴ് വ്യത്യസ്ത മണങ്ങളിലാണ് ശുദ്ധവായു ശ്വസിക്കാൻ സാധിക്കുക. ചെറുനാരങ്ങ ഇല, ഓറഞ്ച്, കറുവാപ്പട്ട, യൂക്കാലി, ലാവൻഡർ തുടങ്ങിയ വ്യത്യത മണങ്ങളോടുകൂടി ശുദ്ധവായു ഉപഭോക്താവിന് ശ്വസിക്കാൻ സാധിക്കും.

അന്തരീക്ഷത്തിന്റെ മർദ്ദം ക്രമീകരിച്ച് വ്യത്യസ്ത സുഗന്ധങ്ങളോടുകൂടിയാണ് ഞങ്ങൾ ഓക്സിജൻ നൽകുന്നത്. ഉപഭോക്താവിന് ഒരു ട്യൂബ് നൽകിയിട്ടുണ്ട്, അതിൽനിന്നാണ് സുഗന്ധത്തോടുകൂടിയുള്ള ഓക്സിജൻ ശ്വസിക്കേണ്ടത്, ഓക്സിജൻ ബാറിലെ ജീവനക്കാരുടെ തലവൻ ബോണി പറഞ്ഞു. ഒരാൾക്ക് ഒരു ദിവസം ഒറ്റത്തവണ മാത്രമേ ശുദ്ധവായു ശ്വസിക്കാൻ തങ്ങൾ അവസരം നൽകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ച് മിനിട്ട് ശുദ്ധവായു ശ്വസിക്കാൻ 299 രൂപയാണ് നൽകേണ്ടത്. ശുദ്ധവായു ശ്വസിക്കുന്നതിലൂടെ ഉപഭോക്താവിന്റെ മനസും ശരീരവും ഊർജ്ജസ്വലമാകുമെന്നും വിഷാദം പരിഹരിക്കപ്പെടുമെന്നും ദഹന പ്രക്രിയ വേഗത്തിലാകുമെന്നും ബോണി പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്