ആപ്പ്ജില്ല

ട്രെയിനുകള്‍ കൂട്ടിയിടിച്ചു, ആകാശത്തിലേക്ക് ഉയര്‍ന്ന് ബോഗികള്‍; വീഡിയോ

എംഎംടിഎസ് ട്രെയിനിന്റെ മൂന്നും നാലും ബോഗികള്‍ ആകാശത്തിലേക്കു ഉയരുന്നതായും നിമിഷങ്ങള്‍ക്കു ശേഷം പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനിനു പുറത്തേക്ക് ഓടുന്നതായും വീഡിയോയില്‍ കാണാം.

Samayam Malayalam 12 Nov 2019, 12:40 pm

ഹൈലൈറ്റ്:

  • അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു
  • തിങ്കളാഴ്ച രാവിലെ 10.30 നാണ് അപകടം ഉണ്ടായത്
  • ലോക്കോ പൈലറ്റ് ട്രെയിനില്‍ കുടുങ്ങിയത് ഒമ്പത് മണിക്കൂറോളം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Train Accident Hyderabad
ഹൈദരാബാദ്: ഹൈദരാബാദിലെ കചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മണിക്കൂറുകള്‍ക്കു ശേഷം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നതായും ബോഗികള്‍ വായുവിലേക്കു ഉയരുന്നതായും പേടിച്ചരണ്ട യാത്രക്കാര്‍ ജീവനും കൊണ്ടോടുന്നതായും കാണാം.
അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഒസ്മാനിയാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിനിടയില്‍ കുടുങ്ങിയ ഒരു ലോക്കോ പൈലറ്റിനെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ട്രെയിനിന്റെ അവശിഷ്ടങ്ങള്‍ മാറ്റേണ്ടി വന്നു. മുപ്പത്തിയഞ്ചുകാരനായ ലോക്കോ പൈലറ്റ് ശേഖര്‍ ട്രെയിനില്‍ കുടുങ്ങിയത് ഒമ്പത് മണിക്കൂറോളം ആണ്. ഇപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.




ലിങ്കാപള്ളിയില്‍ നിന്നു ഫലക്‌നുമയിലേക്കു പോയ ലോക്കല്‍ ട്രെയിനും (എംഎംടിഎസ്) കൂര്‍ണൂലില്‍ നിന്നു സെക്കന്തരാബാദിലേക്കു പോയ ഹുണ്‍ഡ്രി ഇന്റര്‍സിറ്റി എക്‌സ്പ്രസുമാണ് തിങ്കളാഴ്ച 10.30 ന് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന്, എംഎംടിഎസ് ട്രെയിനിന്റെ മൂന്നും നാലും ബോഗികള്‍ ആകാശത്തിലേക്കു ഉയരുന്നതായി വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കു ശേഷം, പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനിനു പുറത്തേക്ക് ഓടുന്നുണ്ട്.

സാങ്കേതിക തകരാറു മൂലമാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും സ്വമേധയാലുള്ള പിശകാണ് അപകടത്തിനു കാരണം. ഇതെതുടര്‍ന്ന്, ദഷിണ റെയില്‍വെ 20 ട്രെയിനോളം ഭാഗികമായി റദ്ദാക്കി. രണ്ട് ട്രെയിനുകളും കുറഞ്ഞ വേഗതയില്‍ വന്നതു കാരണം ഇടിയുടെ ആഘാതം കുറവായിരുന്നെന്ന് ദഷിണ റെയില്‍വെ അഡീഷ്ണല്‍ ജനറല്‍ മാനേജര്‍ ബിബി സിങ് പറഞ്ഞു.

എംഎംടിഎസിന്റെ ആറ് കോച്ചുകളും ഹുണ്‍ട്രി എക്‌സ്പ്രസിന്റെ മൂന്നു കോച്ചുകളുമാണ് അപകടത്തില്‍ തകര്‍ന്നത്. ചെറിയ പരിക്കുകള്‍ സംഭവിച്ചവര്‍ക്ക് 5,000 രൂപയും ഗുരുതര പരിക്കുള്ളവര്‍ക്ക് 25,000 രൂപയും റെയില്‍വെ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രക്കാര്‍ ഇടിയുടെ ആഘാതത്തില്‍ ഞെട്ടിപ്പോയതായും കുട്ടികളെയാണ് ഇത് കൂടുതലായും ബാധിച്ചതെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. നിരവധി യാത്രക്കാര്‍ക്ക് എതിര്‍ സീറ്റുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന്, രക്തസ്രാവം ഉണ്ടായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്