ആപ്പ്ജില്ല

"വ്യവസായത്തിന് കോടികൾ വേണം; പശുവളർത്തലിൽ ആറുമാസം കൊണ്ട് ലാഭം"

തൊഴിലില്ലായ്മ പരിഹരിക്കാൻ ത്രിപുര മുഖ്യമന്ത്രിയുടെ ഫോര്‍മുല

Samayam Malayalam 5 Nov 2018, 1:34 pm
അഗര്‍ത്തല: തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ ഫോര്‍മുലയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കുറഞ്ഞ സമയത്തിനുള്ളിൽ വരുമാനവും ലാഭവും നേടാൻ സഹായിക്കുന്ന ഏറ്റവും മികച്ച പദ്ധതിയാണ് പശുവളര്‍ത്തൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
Samayam Malayalam biplab-kumar-deb


സംസ്ഥാനത്തെ യുവാക്കളോട് പശുവളര്‍ത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിപ്ലബ് കുമാര്‍ ആഹ്വാനം ചെയ്തു. 10000 കോടി ചെലവാക്കി വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനെക്കാള്‍ ഫലപ്രദമാണ് 10000 പശുക്കളെ അയ്യായിരം കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായങ്ങള്‍ തുടങ്ങാൻ വലിയ മൂലധനം വേണം. ഇതിനു കൂടുതൽ തൊഴിലാളികളും ആവശ്യമാണ്. വ്യവസായത്തിൽ നിന്ന് കൃത്യമായ വരുമാനം ലഭിക്കാൻ നീണ്ട കാലം കാത്തിരിക്കണമെന്നും എന്നാൽ പശുവിനെ വളര്‍ത്തുന്നതിലൂടെ കുറഞ്ഞ കാലത്തിനുള്ളിൽ വരുമാനം ലഭിച്ചു തുടങ്ങുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.

ഇതിനു പുറമെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് പ്രചോദനമാകാൻ ഔദ്യോഗികവസതിയിൽ പശുക്കളെ പോറ്റുമെന്നും ബിപ്ലബ് കുമാര്‍ പ്രഖ്യാപിച്ചു.

ഇതിനു മുൻപും ത്രിപുര മുഖ്യമന്ത്രി പശുവളര്‍ത്തലിനെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഒരു ബിരുദധാരി തൊഴിലന്വേഷിച്ച് സമയം കളയുന്നതിനും നല്ലതാണ് പശുവിനെ വളര്‍ത്തുന്നതെന്നായിരുന്നു ബിപ്ലബിന്‍റെ അഭിപ്രായം.പത്തുകൊല്ലം ഒരു പശുവിനെ വളര്‍ത്തുന്നതിലൂടെ പത്തുലക്ഷം രൂപ ലാഭമുണ്ടാകുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്