ആപ്പ്ജില്ല

ഇന്ത്യയിലെ കൊവിഡ് വകഭേദത്തിനെതിരെ സുരക്ഷയ്ക്ക് രണ്ട് ഡോസ് വാക്സിൻ വേണം; പുതിയ പഠനം

രാജ്യത്ത് രണ്ടാം കൊവിഡ് 19 തരംഗത്തിനു കാരണമായ പുതിയ വകഭേദത്തിനെതിരെ സുരക്ഷ ലഭിക്കാൻ ഒറ്റ ഡോസ് വാക്സിൻ കൊണ്ട് കാര്യമില്ലെന്നും രണ്ട് ഡോസ് വാക്സിൻ വേണമെന്നുമാണ് നിര്‍ദേശം.

Samayam Malayalam 23 May 2021, 10:08 am
ലണ്ടൻ: ഇന്ത്യയിൽ പടരുന്ന കൊവിഡ് 19 ബി.1.617.2 വകഭേദത്തിനെതിരെ രോഗപ്രതിരോധശേഷി ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ വേണമെന്ന് യുകെ സര്‍ക്കാര്‍. യുകെ ആരോഗ്യ, സാമൂഹ്യസുരക്ഷാ വിഭാഗവും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. പുതിയ വകഭേദത്തിനെതിരെ ശക്തമായ സുരക്ഷ ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ നിര്‍ബന്ധമാണെന്നും ഒരു ഡോസ് വാക്സിൻ കൊണ്ട് സുരക്ഷിതരായെന്ന് കരുതാൻ കഴിയില്ലെന്നുമാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട്.
Samayam Malayalam two dose vaccine required for protection against covid 19 variant in india claims uk study
ഇന്ത്യയിലെ കൊവിഡ് വകഭേദത്തിനെതിരെ സുരക്ഷയ്ക്ക് രണ്ട് ഡോസ് വാക്സിൻ വേണം; പുതിയ പഠനം



ഇന്ത്യയിൽ വലിയ പ്രതിസന്ധി

കടുത്ത വാക്സിൻ ക്ഷാമം നേരിടുന്ന ഇന്ത്യയിൽ പുതിയ കൊവിഡ് 19 വകഭേദം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് യുകെ സര്‍ക്കാരിൻ്റെ പുതിയ മുന്നറിയിപ്പ്. രാജ്യത്ത് നിലവിൽ മൂന്ന് ശതമാനം ആളുകള്‍ക്ക് മാത്രമാണ് രണ്ട് ഡോസ് കൊവിഡ് 19 വാക്ലിൻ ലഭിച്ചിട്ടുള്ളത്. 4.3 കോടി ആളുകള്‍ക്ക് രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ ലഭിച്ചു. 15.1 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് കടുത്ത ഓക്സിജൻ, ഐസിയു കിടക്ക ക്ഷാമത്തിന് ഇടയാക്കിയ കൊവിഡ് 19 രണ്ടാം തരംഗത്തിനിടയിലും രാജ്യത്ത് വാക്സിനേഷൻ മന്ദഗതിയിലാണ്. വിദേശരാജ്യങ്ങളിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്ത് ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സംസ്ഥാനങ്ങള്‍.

പഠനം നടന്നത് യുകെയിൽ

ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ് വാക്സിനും യുകെ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഇതിനോടകം വൻതോതിൽ വിതരണം ചെയ്യുന്ന ഫൈസര്‍ വാക്സിനും സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഈ വാക്സിൻ യുകെയിലും വാക്സിനേഷന് ഉപയോഗിക്കുന്നുണ്ട്. ഈ രണ്ട് വാക്സിനുകളും സ്വീകരിച്ചവരിൽ ഇന്ത്യയിൽ പ്രചരിക്കുന്ന ബി.1.617.2 വകഭേദം ബാധിക്കുന്നത് എങ്ങനെയെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പരിശോധിച്ചത്.

33 ശതമാനം സുരക്ഷ കുറയും

ഈ ഡോസുകള്‍ രണ്ട് ഡോസ് വീതം സ്വീകരിച്ചവരിൽ ബി.1.617.2 വകഭേദത്തിനെതിരെ 81 ശതമാനം ഫലപ്രാപ്തിയും ബി.1.1.7 വകഭേദത്തിനെതിരെ 87 ശതമാനം ഫലപ്രാപ്തിയുമുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഒരു ഡോസ് മാത്രം വാക്സിൻ സ്വീകരിച്ചവരിൽ യഥാക്രമം 33 ശതമാനവം 51 ശതമാനവും മാത്രമാണ് ഫലപ്രാപ്തിയുള്ളതെന്നും പഠനത്തിൽ വ്യക്തമായി. ഒറ്റ ഡോസ് വാക്സിനേഷനു ശേഷം യുകെയിൽ നിലവിൽ പ്രചരിക്കുന്ന വൈറസ് വകഭേദത്തെ അപേക്ഷിച്ച് ഇന്ത്യൻ വകഭേദം ബാധിച്ചാൽ 33 ശതമാനം കുറവ് സുരക്ഷ മാത്രമാണ് ലഭിക്കുകയെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കൊവിഷീൽഡ് ഇടവേള കൂട്ടി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ പുതിയ വൈറസ് വകഭേദങ്ങള്‍ സൃ‍ഷ്ടിക്കുന്ന പ്രതിസന്ധി സംബന്ധിച്ച് യുകെ സര്‍ക്കാര്‍ തലത്തിൽ നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്ത് കൊവിഷീൽഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനു പിന്നാലെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ആദ്യഡോസ് സ്വീകരിച്ച് 12 മുതൽ 16 ആഴ്ചകള്‍ക്കു ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ നിര്‍ദേശം. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിൻ്റെ 90 ശതമാനവും കൊവിഷീൽഡ് ആണ്. ഇതിനോടകം ഇന്ത്യൻ വകഭേദത്തെ വിവിധ രാജ്യങ്ങള്‍ ആശങ്കപ്പെടേണ്ട വകഭേദമായി വിലയിരുത്തിയിട്ടുണ്ട്.

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍, ഡാമുകള്‍ തുറന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്