ആപ്പ്ജില്ല

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ഇന്ത്യ സന്ദര്‍ശിക്കുന്നു

പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും

Samayam Malayalam 22 Sept 2018, 5:59 pm
ന്യൂഡൽഹി: യു എൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കുന്നു. ഒക്ടോബര്‍ 1 തിങ്കളാഴ്ച അദ്ദേഹം ന്യൂഡൽഹിയിലെത്തുമെന്ന് ന്യൂഡൽഹിയിലെ യുഎൻ ഇന്‍ഫര്‍മേഷൻ സെന്‍റര്‍ അറിയിച്ചു.
Samayam Malayalam antonio guterres


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന ദിവസമാണ് അന്‍റോണിയോ ഗുട്ടെറസ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാദിനമായി 2007 മുതല്‍ യുഎന്‍ ആചരിച്ചുവരുന്നുണ്ട്.

ഒക്ടോബര്‍ 1ന് വൈകിട്ട് സെക്രട്ടറി ജനറല്‍ ന്യൂഡല്‍ഹിയിലെ യുഎന്‍ ഹൗസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്ത് നടക്കുന്ന മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ശുചീകരണ കൺവെൻഷന്‍റെ സമാപനയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനുമായി കൂടിക്കാഴ്ച നടത്തുന്ന അന്‍റോണിയോ ഗുട്ടെറസ് ഇന്ത്യ ഹാബിറ്റാറ്റ് സെന്‍റര്‍ ഓൺ ഗ്ലോബല്‍ അഫയേഴ്സിൽ ആഗോളവെല്ലുവിളികളും ആഗോളപരിഹാരങ്ങളും എന്ന വിഷയത്തിൽ സംസാരിക്കും. അന്നേ ദിവസം വൈകിട്ട് ഇന്‍റര്‍നാഷണൽ സോളാര്‍ അലയൻസിന്‍റെ ജനറല്‍ അസംബ്ലിയിലും അദ്ദേഹം പങ്കെടുക്കും.

ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം അമൃത്‍‍സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കും. ബുധനാഴ്ചയാണ് മടക്കയാത്ര.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്