ആപ്പ്ജില്ല

വന്ദേഭാരത് 0.2 വരുന്നൂ; പ്രോട്ടോടൈപ്പ് മാർച്ചോടെ; നിർമ്മാണം നടക്കുന്നത് ചെന്നൈയിൽ

വന്ദേഭാരതിന്റെ പുതിയ പതിപ്പ് 2024 ഫെബ്രുവരി-ഏപ്രിൽ മാസങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റെയിൽവേ മന്ത്രാലയം ഇതിനായി പ്രത്യേക ശ്രമങ്ങൾ നടത്തുന്നുണ്ട്. 2014 മെയ് മാസത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതു കൂടി പരിഗണിച്ചാണ് ത്വരിതഗതിയിൽ ജോലികൾ പുരോഗമിക്കുന്നത്.

Authored byസന്ദീപ് കരിയൻ | Samayam Malayalam 27 May 2023, 3:55 pm
ഇന്ത്യ തദ്ദേശീയ സാങ്കേതികതയിൽ നിർമ്മിച്ചെടുത്ത സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്റെ പുതിയ പതിപ്പുകൾ ട്രാക്കിലിറക്കാൻ റെയിൽവേ തയ്യാറെടുക്കുന്നു. ഈ ട്രെയിനുകൾ 2024 ഫെബ്രുവരിയിൽ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. മൂന്ന് പതിപ്പുകളാണ് വന്ദേഭാരത് സീരീസിൽ വരിക. ഇതിൽ ചെയർ കാർ പതിപ്പ് മാത്രമേ നിലവിൽ ട്രാക്കിലിറങ്ങിയിട്ടുള്ളൂ. പതിനെട്ടാമത്തെ വന്ദേഭാരത് ചെയർകാർ പ്രധാനമന്ത്രി നരേന്ദ്രമോദി 29ന് ഉദ്ഘാടനം ചെയ്യും.
Samayam Malayalam Integral Coach Factory vande bharat


വന്ദേ മെട്രോ, വന്ദേ സ്ലീപ്പറുകൾ എന്നിവയാണ് ഇനി വരാനുള്ളത്. നിലവിൽ ആഡംബര-അതിവേഗ ട്രെയിനുകളായി പരിഗണിക്കപ്പെടുന്ന രാജധാനി ട്രെയിനുകൾക്ക് വന്ദേഭാരത് സ്ലീപ്പറുകൾ പകരക്കാരനാകും. ശതാബ്ധി ട്രെയിനുകൾക്കും ലോക്കൽ ട്രെയിനുകൾക്കും പകരമായിത്തീരും വന്ദേ മെട്രോ സർവ്വീസുകൾ.

ഈ മൂന്ന് ട്രെയിൻ പതിപ്പുകളും നിർമ്മിക്കുന്നത് ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ്. സ്ലീപ്പർ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ഈ സാമ്പത്തികവർഷത്തിന്റെ അവസാനം തന്നെ എത്തുമെന്ന് ഐസിഎഫിന്റെ ജനറൽ മാനേജർ ബിജി മല്ല്യയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പ്രോട്ടോടൈപ്പ് എത്തിയേക്കും. മെയ് മാസത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ഏപ്രിൽ മാസത്തിനു മുമ്പു തന്നെ കാര്യങ്ങൾ നടത്താൻ സർക്കാർ ശ്രമിക്കും.

വന്ദേഭാരത് സ്ലീപ്പറിൽ 16 ഏസി കമ്പാർട്ടുമെന്റുകളാണ് ഉണ്ടാവുക. ഒരു ഫസ്റ്റ് ക്ലാസ്, നാല് സെക്കൻഡ് ക്ലാസ്, 11 തേഡ് ക്ലാസ് എന്നിങ്ങനെ. 830 പേരെ ഉൾക്കൊള്ളാൻ ഈ ട്രെയിനിന് സാധിക്കും.
.ത
നിലവിൽ 550 കിലോമീറ്ററിനുള്ളിൽ വരുന്ന ദൂരങ്ങളിൽ മാത്രമാണ് വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത്. ഇരുന്ന് യാത്ര ചെയ്യുന്ന ട്രെയിനുകളായതിനാൽ ഇതിലുമേറെ ദൂരം നീട്ടുക പ്രായോഗികമല്ല. 550 കിലോമീറ്ററിലധികം ദൂരം പോകേണ്ടുന്ന ട്രെയിനുകൾ സ്ലീപ്പർ ഫോർമാറ്റിലായിരിക്കും. 100 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് പകരമായാണ് വന്ദേ മെട്രോ ട്രെയിനുകൾ വരിക. നിലവിലെ പാസഞ്ചർ ട്രെയിനുകൾക്ക് ഇവ പകരമാകും. മുംബൈയിലെ സബർബൻ ട്രെയിനുകളെ പുതുക്കാൻ വന്ദേ മെട്രോ ട്രെയിനുകൾ ഉപയോഗപ്പെടുത്താമെന്ന് റെയിൽവേ ഈയിടെ തീരുമാനിച്ചിരുന്നു.

സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണത്തിനുള്ള നടപടികൾ ത്വരിതഗതിയിലാണ്. 200 ട്രെയിൻ സെറ്റുകൾക്കായി ടെൻഡർ വിളിച്ചിരുന്നു നേരത്തെ. പുതിയ റിപ്പോർട്ടുകൾ പ്രകാരം 80 ട്രെയിൻ സെറ്റുകൾക്കുള്ള ഓർഡർ ചെന്നൈ ഐസിഎഫിന് കിട്ടിയിട്ടുണ്ട്. പരമാവധി 240 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ളതായിരിക്കും ഇവ. നിലവിലെ ട്രാക്കുകളിൽ ഈ വേഗത പിടിക്കാനാകില്ലെങ്കിലും, ട്രാക്ക് പരിഷ്കാരങ്ങൾ ഒപ്പം നടക്കുന്നതിനാൽ അധികം വൈകാതെ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്താകെ 400 വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവിൽ 18 ട്രെയിനുകൾ മാത്രമേ ട്രാക്കിലിറങ്ങിയിട്ടുള്ളൂ.
ഓതറിനെ കുറിച്ച്
സന്ദീപ് കരിയൻ
സന്ദീപ് കരിയൻ. മാധ്യമപ്രവർത്തകൻ. പത്തു വർഷത്തിലധികമായി ഡിജിറ്റൽ മാധ്യമരം​ഗത്ത് പ്രവർത്തിക്കുന്നു. വൺ ഇന്ത്യ, വേ2ന്യൂസ്, അഴിമുഖം, ഇന്ത്യാ ടുഡേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്