ആപ്പ്ജില്ല

വാക്‌സിനുകൾക്കായി 80,000 കോടി രൂപ മാറ്റിവെക്കാൻ കേന്ദ്രത്തിനാകുമോ? സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

'വാക്‌സിന്‍ വാങ്ങുന്നതിനും രാജ്യത്തെല്ലാവർക്കും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് വേണ്ടിവരിക ഇതാണ്. നമ്മൾ പരിഹരിക്കേണ്ട അടുത്ത വെല്ലുവിളി ഇതാണ്'

Samayam Malayalam 26 Sept 2020, 9:18 pm
ന്യൂഡൽഹി: വാക്സിൻ നിർമ്മാണത്തിലെയും വിതരണത്തിലെയും വെല്ലുവിളികൾ ചൂണ്ടിക്കാട്ടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനാവാല. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മേധാവി വാക്സിൻ നിർമ്മാണത്തിന് വേണ്ടി വരുന്ന ചെലവിനെക്കുറിച്ചാണ് കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പൂനാവാലയുടെ ചോദ്യം.
Samayam Malayalam covid vaccine
കൊവിഡ് വാക്സിൻ


'അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്‌സിന്‍ വാങ്ങുന്നതിനും രാജ്യത്തെല്ലാവർക്കും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് വേണ്ടിവരിക ഇതാണ്. നമ്മൾ പരിഹരിക്കേണ്ട അടുത്ത വെല്ലുവിളി ഇതാണ്.' പൂനാവാല ട്വീറ്റ് ചെയ്തു.

Also Read : കൊവിഡ് പോരാട്ടത്തിൽ യുഎൻ എവിടെ? സ്ഥിരാംഗത്വ വിഷയവും ഉയർത്തി മോദി

വാക്സിൻ നിർമ്മാണത്തിനായി കൃത്യമായ രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും പൂനാവാല മറ്റൊരു ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി. 'എന്തുകൊണ്ടാണ് ഞാൻ ഈ ചോദ്യം ചേദിച്ചതെന്നാൽ സംഭരണത്തിന്റെയും വിതരണത്തിന്റെയും കാര്യത്തിൽ നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയിലെയും വിദേശത്തെയും വാക്സിൻ നിർമ്മാതാക്കളെ നാം വഴികാട്ടേണ്ടതും കൃത്യമായ രൂപരേഖ തയ്യാറാക്കേണ്ടതുമുണ്ട്.' അദ്ദേഹം ട്വീറ്റ് ചെയ്തു.



ഓക്‌സഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡിന്റെ രാജ്യത്തെ മൂന്നാംഘട്ട പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ മാസത്തിൽ വാക്സിൻ നിർമ്മാണത്തെക്കുറിച്ച് എൻഡിടിവിയോട് പ്രതികരിച്ച പൂനാവാല വാക്‌സിന്‍ ലഭ്യമായാല്‍ ഏകദേശം 1000 രൂപ ചെലവ് വരുമെന്ന് പറഞ്ഞിരുന്നു. ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്