ആപ്പ്ജില്ല

ഒരു രൂപ പോലും സംഭാവനയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസർകോട് ഏറ്റവുമധികം തുക ചെലവഴിച്ചത് സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സ്ഥാനാർഥികൾ സമർപ്പിച്ച അന്തിമ കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Samayam Malayalam 10 Jun 2021, 5:36 pm
കാസർകോട്: കുഴൽപ്പണ ആരോപണവും നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കേസും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതേസമയത്ത് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കെ സുരേന്ദ്രനാണെന്ന വാർത്തയും പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് സുരേന്ദ്രൻ സമർപ്പിച്ച അന്തിമ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെ സുരേന്ദ്രൻ 23,75,445 രൂപ ചിലവഴിച്ചെന്നാണ് കണക്കിലുള്ളത്.
Samayam Malayalam 2021 assembly election expenses of candidates from kasaragod district
ഒരു രൂപ പോലും സംഭാവനയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസർകോട് ഏറ്റവുമധികം തുക ചെലവഴിച്ചത് സുരേന്ദ്രൻ



​മഞ്ചേശ്വരത്തെ സ്ഥാനാർഥികൾ ചിലവഴിച്ച തുക

സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 23,75,445 രൂപയാണ് താൻ ചെലവഴിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട്. മണ്ഡലത്തിൽ വിജയിച്ച ലീഗ് നേതാവ് എകെഎം അഷ്റഫ് നൽകിയ കണക്കിൽ താൻ 18,85,750 രൂപ ചിലവഴിച്ചെന്നാണ് വ്യക്തമാക്കുന്നത്. സിപിഎം സ്ഥാനാർഥിയായിരുന്ന വിവി രമേശൻ ചിലവഴിച്ചത് 10,71,891 രൂപയാണ്.

​ജില്ലയിലും മുന്നിൽ കെ സുരേന്ദ്രൻ തന്നെ

മഞ്ചേശ്വരം മണ്ഡലത്തിന് പുറമെ കൂടുതൽ തുക ചെലവഴിച്ച സ്ഥാനാർഥികളിൽ ജില്ലയിൽ മുന്നിൽ നിൽക്കുന്നതും സുരേന്ദ്രൻ തന്നെയാണ്. രണ്ടാമതുള്ളത്, ഉദുമയിൽ നിന്ന് വിജയിച്ച സിപിഎം നേതാവ് സിഎച്ച് കുഞ്ഞമ്പുവാണ് 22,51,984.98 രൂപയാണ് ഇദ്ദേഹം ചെലഴിച്ചത്. തൃക്കരിപ്പൂരിൽ നിന്നും വിജയിച്ച സിപിഎം നേതാവ് എം രാജഗോപാലൻ 21,63,514 രൂപയും ചെലവഴിച്ചിട്ടുണ്ടെന്നാണ് കമ്മിഷന് സമർപ്പിച്ച കണക്ക്.

​ഒരു രൂപ പോലും സംഭാവനയായി സ്വീകരിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പിൽ താൻ ഒരു രൂപ പോലും സംഭാവനയായി സ്വീകരിച്ചിട്ടില്ലെന്നാണ് സുരേന്ദ്രൻ നൽകിയ കണക്കുകളിലുള്ളത്. പാർട്ടി ഫണ്ടായി 15 ലക്ഷം രൂപയും സ്വന്തം നിലയിൽ 10,500 രൂപയും ചെലവഴിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. അതേസമയം മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തെത്തിയ വിവി രമേശനാകട്ടെ പാർട്ടി ഫണ്ടും സ്വന്തം നിലയിലുള്ള ചിലവും ഇല്ലാതെ 10,07,349 രൂപ സംഭാവനയിലൂടെ സമാഹരിച്ചാണ് പ്രവർത്തനം നടത്തിയത്. എകെഎം അഷ്റഫ് സ്വന്തം നിലയിൽ 21,000 രൂപയും പാർട്ടി ഫണ്ടായി 10 ലക്ഷം രൂപയും സംഭാവനയായി കിട്ടിയ 8,50,613 രൂപയുമാണ് ചെലവഴിച്ചത്.

​ഇ ചന്ദ്രശേഖരൻ ചെലവഴിച്ചത് 9,28,405 രൂപ

റവന്യൂ മന്ത്രിയായിരിക്കെ കാഞ്ഞങ്ങാട് നിന്ന് ജനവിധി തേടിയ ഇ ചന്ദ്രശേഖരൻ ചെലവാക്കിയത് 9,28,405 രൂപയാണ്. ഇവിടെ മറ്റ് രണ്ട് പ്രധാന മുന്നണികളുടെ സ്ഥാനാർഥികളും പത്ത് ലക്ഷത്തിൽ താഴെ മാത്രമാണ് ചെലവഴിച്ചതെന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് സ്ഥാനാർഥി പിവി സുരേഷ് 8,71,254 രൂപയും എൻഡിഎ സ്ഥാനാർഥിയായിരുന്ന ബൽരാജ് 7,15,317 രൂപയും ചെലവാക്കിയെന്നാണ് കണക്ക്.

പഠനം 10 ൽ ഒതുങ്ങുന്നു; ഉപരി പഠന സൗകര്യമില്ലാതെ അടിമാലി ഗവ. സ്‍കൂൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്