ആപ്പ്ജില്ല

5 കത്തുകള്‍; ജെസ്നയെത്തേടി ഗോവയിലും പൂനെയിലും അന്വേഷണം

നഗരങ്ങളിലെ മലയാളി അസോസിയേഷനുകളുടെ സഹായവും തേടുന്നുണ്ട്

Samayam Malayalam 19 Jun 2018, 11:57 am
പത്തനംതിട്ട: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന മരിയ ജെയിംസിനു വേണ്ടിയുള്ള അന്വേഷണത്തിൽ വഴിത്തിരിവ്. ജെസ്നയെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ലഭിക്കുന്നതിനായി പോലീസ് സ്ഥാപിച്ച പെട്ടികളിൽ നിന്നു ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തിൽ ഗോവയിലേയ്ക്കും പൂനെയിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു.
Samayam Malayalam jesna-mariya-james.jpg.image.784.410


ചെന്നൈയിൽ കണ്ട യുവതി ജെസ്നയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. പൂനെയിലും ഗോവയിലുമുള്ള കോൺവെൻ്റുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നഗരങ്ങളിൽ ജെസ്നയുടെ ചിത്രമുള്ള പോസ്റ്ററുകളും അന്വേഷണസംഘം പതിക്കുന്നുണ്ട്. നഗരങ്ങളിലെ മലയാളി അസോസിയേഷനുകളുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്.

ജെസ്നയെപ്പറ്റി രഹസ്യവിവരങ്ങള്‍ നല്‍കാനായി പോലീസ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളിൽ നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. 12 പെട്ടികളിൽ നിന്നായി 50 കത്തുകളാണ് ലഭിച്ചത്. ജെസ്നയുടെ വീടിനു സമീപത്തും വെച്ചൂച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിലാണ് കൂടുതൽ പേര്‍ വിവരങ്ങള്‍ എഴുതിയിട്ടുള്ളത്. ഇതിൽ പലതിലും സംശയത്തിന്‍റെ കഥകളും അടുത്ത പരിചയമുണ്ടെന്ന് തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളുമാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. ജെസ്ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ കോളേജിലും സമീപത്തും വെച്ച പെട്ടികളിൽ കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.

ഓരോ കത്തിലെയും വിവരങ്ങള്‍ സ്ഥിരീകരിക്കാനായി അതത് പ്രദേശങ്ങളിൽ പോലീസ് സംഘം നേരിട്ട് അന്വേഷിക്കുന്നുണ്ട്. അൻപതിൽ അഞ്ചു കത്തുകളിലെങ്കിലും ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്ന തെളിവുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്