ആപ്പ്ജില്ല

ഭിന്നശേഷി സൗഹൃദമായി സംസ്ഥാനത്തെ 70 വിനോദസഞ്ചാര കേന്ദ്രങ്ങൾ

2021 ൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ടൂറിസത്തെ മാർക്കറ്റ് ചെയ്യാൻ സർക്കാർ ശ്രമിച്ചുവരികയാണ്.

Samayam Malayalam 5 Mar 2019, 12:15 am
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ മുന്നോട്ട് വച്ച 'എല്ലാവർക്കും ടൂറിസം' (Tourism for All) എന്ന പ്രമേയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന 'ബാരിയർ ഫ്രീ കേരള ടൂറിസം' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ 126 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 70 എണ്ണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
Samayam Malayalam tourism


2021 ൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ടൂറിസത്തെ മാർക്കറ്റ് ചെയ്യാൻ സർക്കാർ ശ്രമിച്ചുവരികയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പദ്ധതികൾ വഴി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഒറ്റപ്പെടലിന്റെ അനുഭവം ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

'ബാരിയർ ഫ്രീ കേരള ടൂറിസം' പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ലോകപ്രശസ്തമായ മാഞ്ചസ്റ്റർ സിറ്റി ഡേ പരേഡിലേക്ക് ഇക്കൊല്ലം കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തകർക്കുള്ള ഔദ്യോഗിക ക്ഷണക്കത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിൽസൻ മാത്യൂസ് മന്ത്രിക്ക് കൈമാറി.

കേരള ടൂറിസവും മാഞ്ചസ്റ്റർ സിറ്റിയും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് ദീർഘകാല സാംസ്‌കാരിക വിനിമയ പരിപാടി ആരംഭിക്കാൻ തീരുമാനിച്ചത് കേരളത്തിലെ കലാപ്രവർത്തകർക്കും കേരള ടൂറിസത്തിനും ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, കേരള ടൂറിസം ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി മോഹൻലാൽ, സംസ്ഥാന ഇക്കോടൂറിസം ഡയറക്ടർ പി.പി പ്രമോദ്, പി.കെ അനീഷ് കുമാർ, കെ.വി രവിശങ്കർ, കെ. രൂപേഷ് കുമാർ, കെ.പി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്