ആപ്പ്ജില്ല

'ഓവറാക്കല്ലേ കളക്ട‍ര്‍ സാറേ', കുട്ടികൾ മാതാപിതാക്കളുടെ ഇഷ്ടത്തിനല്ല വളരേണ്ടത്; ആലപ്പുഴ കളക്ടർക്കെതിരെ വിമർശനം

അവധി ദിവസങ്ങൾക്കു ശേഷം സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ കുറിച്ച പോസ്റ്റിലെ പരാമർശങ്ങളാണ് വ്യാപകമായി വിമർശനത്തിന് ഇടയാക്കിയത്.

Samayam Malayalam 8 Aug 2022, 12:56 pm

ഹൈലൈറ്റ്:

  • മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല കുട്ടികൾ വളരേണ്ടത്
  • കുറിപ്പ് വിവാദത്തിൽ
  • വി ആർ കൃഷ്ണ തേജയുടെ കുറിപ്പ് അവധി ദിവസങ്ങളുടെ പശ്ചാത്തലത്തിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam collector thump
ആലപ്പുഴ കളക്ടർ വി ആർ കൃഷ്ണ തേജ Photo: Agencies
ആലപ്പുഴ: മഴ മൂലം രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം സകൂൾ തുറക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ കുട്ടികൾക്കായി ഫേസ്ബുക്ക് പേജിൽ കുറിച്ച പോസ്റ്റിനെതിരെ വ്യാപക വിമർശനം. സ്കൂളിലേയ്ക്ക് മടങ്ങിയെത്തുന്ന കുട്ടികൾക്ക് ആശംസയറിയിച്ച് കളക്ടർ കൃഷ്ണ തേജ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച പോസ്റ്റ് തെറ്റായ സന്ദേശം നൽകുന്നുണ്ടെന്നാണ് ആരോപണം. 'ഓവറാക്കല്ലേ' എന്നായിരുന്നു പോസ്റ്റിനു താഴെ വന്ന പല കമൻ്റുകളിലെയും വിമർശനം.
അവധി ദിവസങ്ങൾ കഴിഞ്ഞ് സ്സൂളിലെത്താൻ തയ്യാറായി നേരത്തെ കിടന്നുറങ്ങണമെന്നും രാവിലെ നേരത്തെ എഴുന്നേൽക്കണമെന്നുമാണ് കളക്ടറുടെ സന്ദേശം. എന്നാൽ ഇതിനു പിന്നാലെ വന്ന സന്ദേശമാണ് വിവാദമായത്. "സ്കൂളിൽ പോകുന്നതിനു മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു പറയണം. അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും." കുട്ടികളോടുള്ള വാത്സല്യം തുളുമ്പിയ മുൻ ഫേസ്ബുക്ക് പോസ്റ്റുകളിൽ കളക്ടറെ പിന്തുണച്ച പലരും ഇത്തവണ എതിർപ്പ് പരസ്യമാക്കി.

"വലുതാകുമ്പോൾ അവർ ആഗ്രഹിക്കുന്ന അവർ ആകട്ടെ" എന്നായിരുന്നു സംവിധായകൻ ജിയോ ബേബി കളക്ടറുടെ പോസ്റ്റിന് കമൻ്റ് ചെയ്തത്. "കളക്ടർ മാമാ, ഞാൻ ഞെട്ടി മാമാ, ഓവർ ആക്കി ചളമാക്കല്ലേ.. പ്ലീസ്. മക്കൾ അവരുടെ പാഷൻ എന്താണെന്ന് മനസ്സിലാക്കി ഇഷ്ടത്തിന് ജീവിക്കട്ടെ. അല്ലാതെ മാതാപിതാക്കളുടെ ഇഷ്ടം അടിച്ചേൽപ്പിക്കണ്ടന്നേ." അധ്യാപികയായി സൗമ്യ ചന്ദ്രശേഖരൻ പോസ്റ്റിനോടു പ്രതികരിച്ചു.

Also Read: മനോരമയെ കൊന്നത് ഇതര സംസ്ഥാന തൊഴിലാളിയോ? 'രണ്ടു തല്ലുകൊടുത്തെന്ന്' ആദം പറഞ്ഞതായി മൊഴി; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ

"മാതാപിതാക്കളുടെ ആഗ്രഹ പൂർത്തികരണ ഉപാധികളല്ല കുട്ടികൾ. അവർക്ക് അവരുടേതായ ആഗ്രഹങ്ങൾ കാണും. അങ്ങൊരുമാതിരി കടുവാ ചാക്കോയെപ്പോലെ സംസാരിക്കരുത്." മറ്റൊരാൾ കമൻ്റ് ചെയ്തു. മലയാളിയല്ലാത്ത കളക്ടർക്കു വേണ്ടി മറ്റാരാണ് ഇങ്ങനെ പോസ്റ്റുകൾ ഇടുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി സർക്കാർ നിയമിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുൻപ് കേരള ടൂറിസം ഡയറക്ടറായിരുന്ന കൃഷ്ണ തേജയെ ആലപ്പുഴയിൽ നിയമിച്ചത്. കളക്ടറായി ചുമതലയേറ്റ ശേഷം ജൂലൈ മൂന്നിന് ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അദ്ദേഹം ആദ്യ ഉത്തരവ് ഒപ്പിട്ടത്. കുട്ടികളെ ഇക്കാര്യം അറിയിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പോസ്റ്റും വൈറലായിരുന്നു. കനത്ത മഴ തുടരുന്നതോടെ തൊട്ടടുത്ത ദിവസവും അവധി പ്രഖ്യാപിച്ച കളക്ടർ വീണ്ടും കുറിച്ച പോസ്റ്റും വൈറലായി. ഇതിനു പിന്നാലെയാണ് വിവാദപരാമർശവുമായി മൂന്നാമത്തെ പോസ്റ്റ്.

Also Read: രണ്ടാം പിണറായി മന്ത്രിസഭയിൽ പരിചയസമ്പന്നരായ മന്ത്രിമാർ വേണ്ടിയിരുന്നു: സി ദിവാകരൻ

അതേസമയം, മാതാപിതാക്കൾക്ക് ആഗ്രഹമുള്ള ജോലി ചെയ്യണമെന്ന് കളക്ടർ ഉദ്ദേശിച്ചിട്ടില്ലെന്നും മാതാപിതാക്കൾ ആഗ്രഹിക്കുന്നതു പോലെ നല്ല വ്യക്തിയാകണം എന്നാകാം അദ്ദേഹം ഉദ്ദേശിച്ചതെന്നും ചിലർ കമൻ്റ് ചെയ്തു. ജില്ലയിൽ ഒട്ടേറെ കളക്ടർമാർ വന്നിട്ടുണ്ടെന്നും എന്നാൽ കുട്ടികളോട് ഇത്രയും സ്നേഹമുള്ള കളക്ടർ മുൻപ് വന്നിട്ടില്ലെന്നുമാണ് ചിലരുടെ പ്രതികരണം. ആലപ്പുഴയിൽ വി ആർ കൃഷ്ണ തേജ
ചുമതലയേറ്റെടുത്തതിനു ശേഷം അദ്ദേഹത്തിൻ്റെ ചെറുപ്പത്തിലെ കഷ്ടപ്പാടുകൾ സംബന്ധിച്ച് നടത്തിയ പഴയ പ്രസംഗവും വൈറലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്