കോഴിക്കോട് മെട്രോ ദ്രുതഗതയിൽ തന്നെ; തിരുവനന്തപുരം മെട്രോയ്ക്ക് തൊട്ടുപിന്നാലെ പണി പൂർത്തിയാകും

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ദ്രുതഗതിയിൽ തന്നെ മുമ്പോട്ടു പോകുന്നുണ്ട്. പുറമേക്ക് കാര്യമായൊന്നും നാമറിയുന്നില്ലെങ്കിലും സർവ്വേകളും പഠനങ്ങളുമായി കാര്യങ്ങൾ വേഗയതയിൽ തന്നെയാണ്. തിരുവനന്തപുരം മെട്രോയ്ക്കു പിന്നാലെത്തന്നെ കോഴിക്കോട് മെട്രോയും നിർമ്മാണം തുടങ്ങുമെന്നാണ് മനസ്സിലാക്കേണ്ടത്. കോംപ്രഹൻസീവ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്ന തിരക്കുകളിലാണ് കെഎംഐആർഎൽ ഇപ്പോഴുള്ളത്.

Samayam Malayalam
കോഴിക്കോട് മെട്രോ മാപ്പ്
Authored byപ്രണവ് മേലേതിൽ | Samayam Malayalam 12 Nov 2023, 11:10 am
2012ൽ പദ്ധതിയിട്ട കോഴിക്കോട് മോണോറെയിൽ പദ്ധതി പല കാരണങ്ങളാൽ നടക്കാതെ പോയി. 5500 കോടി രൂപയാണ് അന്ന് പദ്ധതിയുടെ പൂർത്തീകരണത്തിന് കണ്ടിരുന്നത്. പിന്നീട് രണ്ടുവര്‍ഷത്തിനു ശേഷം പദ്ധതി നടപ്പാക്കാൻ മുമ്പോട്ടുവന്ന ഒരേയൊരു കമ്പനി 10,390 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. കേരളത്തിന്റെ സാമ്പത്തികനിലയ്ക്ക് കഴിയാത്ത സംഖ്യയെന്നു കണ്ട് 2014ൽ മോണോറെയിൽ പദ്ധതി സർക്കാർ ഉപേക്ഷിച്ചു. പകരം ലൈറ്റ് മെട്രോ കൊണ്ടുവരാമെന്നായി. നേരത്തേ തന്നെ ഡല്‍ഹി മെട്രോ റെയിൽ കോര്‍പ്പറേഷൻ നടത്തിയ പ്രാഥമിക പഠനത്തെത്തന്നെ അടിസ്ഥാനമാക്കി മുമ്പോട്ടു പോകാമെന്നതായിരുന്നു ഉദ്ദേശ്യം.

ഇതിനിടെ 2013ൽ കൊച്ചി മെട്രോ റെയിലിന്റെ ജോലികൾ തുടങ്ങുകയും 2017ൽ പൂർത്തീകരിക്കുകയും ചെയ്തു. കൊച്ചി മെട്രോ ലാഭകരമാകുമോയെന്ന സംശയം നിലനിന്ന കഴിഞ്ഞ വർഷങ്ങളിൽ കോഴിക്കോട് മെട്രോയും തിരുവനന്തപുരം മെട്രോയുമെല്ലാം ആരുടെയും ആലോചനകളിൽ വരാതായി. എന്നാൽ, കഴിഞ്ഞ രണ്ടുമൂന്ന് വർഷത്തിനിടയിൽ കൊച്ചി മെട്രോ കാണിച്ച പൊസിറ്റീവായ ചില മാറ്റങ്ങൾ സർക്കാരിനെ ഉത്സാഹത്തിലാക്കി. തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടന്നു. തലസ്ഥാന നഗരിയിൽ മീഡിയം മെട്രോ സ്ഥാപിക്കാനാണ് നീക്കങ്ങൾ നടക്കുന്നതെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൂർണ വ്യക്തത വരാൻ സമയമെടുക്കും. റിപ്പോർട്ടുകൾ പ്രകാരം കെഎംആർഎൽ വരുന്ന ജനുവരിയിൽ ഡിപിആർ (Detailed Project Report) സർക്കാരിന് സമർപ്പിക്കും.

Read: കൊച്ചിയും കോയമ്പത്തൂരും അതിവേഗം വളരും; തൃശ്ശൂരും പാലക്കാടും ഉപനഗരങ്ങളാകും

ഇതുതന്നെയാണ് കോഴിക്കോട് മെട്രോയുടെ കാര്യവും. ലൈറ്റ് മെട്രോ എന്നാണ് പറഞ്ഞു കേൾക്കുന്നതെങ്കിലും കെഎംആർഎൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമഗ്ര മൊബിലിറ്റി പ്ലാൻ (comprehensive mobility plan) പുറത്തുവരുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങൾ തീരുമാനിക്കപ്പെടുക.

ഇതിനകം തന്നെ ട്രാഫിക് പാറ്റേൺ പഠിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ നിലവിലെ ട്രാൻസ്പോര്‍ട്ട് രീതികളും പോരായ്മകളുമടക്കം നിരവധി കാര്യങ്ങളിൽ നേരത്തേ തന്നെ സർവ്വേ നടന്നിട്ടുണ്ട്. സമഗ്ര മൊബിലിറ്റ് പ്ലാനിൽ നഗരത്തിന്റെ ഭൂമി ഉപയോഗരീതികളെക്കുറിച്ച് പഠിക്കും. ഇതിനനുസരിച്ച് ഹ്രസ്വകാല-ദീർഘകാല നിക്ഷേപ സമീപനങ്ങൾ എങ്ങനെയാകണമെന്നത് നിശ്ചയിക്കും. കോഴിക്കോട് മെട്രോയുടെ കാര്യത്തിൽ നിലവിൽ ഒന്നും നടക്കുന്നില്ലായെന്ന ധാരണ പിശകാണെന്നാണ് മനസ്സിലാക്കേണ്ടത്. നിലവില്‍ പൂർത്തീകരിക്കാനുള്ള മുൻഗണന തിരുവനന്തപുരത്തിനാണെങ്കിലും പിന്നാലെത്തന്നെ കോഴിക്കോട് മെട്രോയ്ക്ക് വേണ്ടിയുള്ള പഠനങ്ങളും മുന്നേറുന്നുണ്ട്.

കോഴിക്കോട് നഗരത്തിലെ ജനസംഖ്യയും, അതിൽ എത്രപേർ മെട്രോ റെയിൽ ഉപയോഗിക്കാൻ പ്രാപ്തിയുള്ളവരാണ് നിലവിൽ എന്നതുമെല്ലാം പരിഗണിച്ചാണ് ഏത് മെട്രോ വേണമെന്ന കാര്യം തീരുമാനിക്കുക. കൊച്ചിയിലെ മെട്രോ റെയിൽ പോലത്തെ (ഹെവി റെയിൽ റാപിഡ് ട്രാൻസിറ്റ്) സാധാരണ മെട്രോ പദ്ധതിക്കാണെങ്കിൽ കിലോമീറ്ററിന് 200 കോടി ചെലവ് വരും. വലിയ നഗരങ്ങൾക്ക് ഇത്തരം ഉയർന്ന ശേഷിയുള്ള, കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ആവശ്യം. മീഡിയം മെട്രോയാണെങ്കിൽ ചെലവ് 150 കോടിയായി മാറും. ഇതിൽ രണ്ട് മുതൽ നാലുവരെ വെഹിക്കിളുകളുണ്ടാകും. സ്റ്റേഷനുകളുടെ ദൈർഘ്യം താരതമ്യേന കൂടുതലായിരിക്കും. ലൈറ്റ് മെട്രോയാണെങ്കിൽ 60 കോടിയാണ് ചെലവ് വരിക. ഈ ചെലവിന് ആനുപാതികമായി ടിക്കറ്റ് നിരക്കുകളിലും സ്വാഭാവികമായ മാറ്റങ്ങളുണ്ടാകും. കോഴിക്കോട് നഗരത്തിന്റെ നിലവിലെ വാണിജ്യപരമായ വളർച്ചയും, സമീപഭാവി വളർച്ചാ സാധ്യതകളും മറ്റും കണക്കിലെടുത്താണ് ലൈറ്റ് മെട്രോ മതിയാകുമെന്ന് മുമ്പ് നടന്ന ആലോചനകളിൽ നിർദ്ദേശം വന്നത്.

മൂന്ന് റെയില്‍ സിസ്റ്റത്തിനും പ്രത്യേകമായ നിർവ്വചനമുണ്ടെങ്കില്‍പ്പോലും അതനുസരിച്ചല്ല എല്ലാം തീരുമാനിക്കപ്പെടുക എന്ന് മനസ്സിലാക്കണം. ഈ മൂന്ന് മെട്രോ സിസ്റ്റത്തിൽ നിന്നും ആവശ്യമുള്ള ഘടകങ്ങളെടുത്ത് പദ്ധതി പ്രാവർത്തികമാക്കും.

റൂട്ട്?

നേരത്തേ നടന്നിട്ടുള്ള പഠനങ്ങളെ ആസ്പദമാക്കി തീരുമാനിച്ച റൂട്ടുകൾ തന്നെയായിരിക്കും മാതൃകയാക്കുക എന്നാണ് കേൾക്കുന്നത്. മീഞ്ചന്ത മുതൽ മെഡിക്കൽ കോളേജ് വരെയുള്ള റൂട്ടാണിത്. ഒന്നാം ഘട്ടത്തിൽ മാനാഞ്ചിറയിൽ നിന്ന് തുടങ്ങി കെഎസ്ആർടിസി, പുതിയ ബസ്റ്റാന്റ്, കൂടാളി, തൊണ്ടയാട്, ചേവായൂർ, മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് ഹോസ്റ്റൽ എന്നിവിടങ്ങളെ ബന്ധിപ്പിക്കും. മീഞ്ചന്ത, വട്ടക്കിണർ, പന്നിയങ്കര, കല്ലായി, പുഷ്പ, റെയിൽവേ സ്റ്റേഷൻ, പാളയം, മാനാഞ്ചിറ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും രണ്ടാംഘട്ടം. ആകെ 14.2 കിലോമീറ്ററാണ് ദൂരം. ഇതിനിടയിൽ ഏറ്റെടുക്കാനുള്ള ഭൂമിയിൽ 80 ശതമാനവും സർക്കാർ ഭൂമിയാണ്.

2013ൽ മോണോറെയിലിനു വേണ്ടി നടത്തിയ പഠനങ്ങൾ പ്രകാരം 2015ൽ ദിവസവും 1.48 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കാമെന്നായിരുന്നു. 2021ൽ 1.77 ലക്ഷം യാത്രക്കാരെയും, 2031ൽ 2.37 ലക്ഷം യാത്രക്കാരെയും 2041ൽ 3.19 ലക്ഷം യാത്രക്കാരെയും ദിനംപ്രതി പ്രതീക്ഷിക്കാം.

2015ൽ 3 കാറുകളുള്ള ട്രെയിനുകൾ 5.5 മിനിറ്റ് ഇടവേളകളിൽ ഓടിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടി. 2021ൽ ഇത് 5 മിനിറ്റായി കുറയ്ക്കാവുന്ന തരത്തിൽ ഉപയോഗം കൂടും. 2031ൽ 3.75 മിനിറ്റ് ഇടവേളകളിൽ ഓടിക്കാനാകും. 2041ൽ ഇത് 2.75 മിനിറ്റ് ഇടവേളകളായി ചുരുങ്ങും.
ഫണ്ടിങ്

കോഴിക്കോട്, തിരുവനന്തപുരം മെട്രോകൾക്ക് ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ അഥവാ ഓരോ വർഷത്തെയും വരുമാനവളര്‍ച്ച വളരെ കുറവാണെന്നതിനാല്‍ സ്വകാര്യ സംരംഭകരാരും തന്നെ മുമ്പോട്ടു വരില്ലെന്നത് ഉറപ്പായിരുന്നു. സ്വകാര്യ-പൊതു പങ്കാളിത്തവും നടപ്പില്ലെന്ന് ഉറപ്പായി. ഇതോടെ പൂർണമായും സര്‍ക്കാർ ഫണ്ടിങ്ങോടെ നടത്തുക എന്ന ഏക ഓപ്ഷനിലേക്ക് മാറി.

നഗരത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന മെട്രോ റെയില്‍ രണ്ട് നഗരപ്രാന്തങ്ങളെയാണ് ബന്ധിപ്പിക്കുക. നിലവിൽ കോഴിക്കോട് നഗരം മീഞ്ചന്ത വരെ അത്യാവശ്യം വളര്‍ന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും ഈ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്താൻ മെട്രോയുടെ വരവിന് കഴിയും. ഇതുതന്നെയാണ് മെഡിക്കൽ കോളേജിന്റെയും സ്ഥിതി. ഏറെക്കുറെ ഗ്രാമപ്രദേശങ്ങളിലേക്ക് മെട്രോയുടെ റീച്ച് കിട്ടുകയാണ്. നഗരത്തിൽ നിലവിലുള്ള ഗതാഗതപ്രശ്നങ്ങളിൽ വലിയൊരു പങ്ക് ഈ റൂട്ടുകളിൽ തന്നെയാണെന്നതും ശ്രദ്ധേയമാണ്.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ