ആപ്പ്ജില്ല

പിണറായിയിലെ മരണങ്ങൾക്ക് പിന്നിലെ വിഷം!

അലുമിനിയം ഫോസ്‌ഫൈഡ്: ചോദ്യങ്ങളെ കൊന്നുകളയുന്ന വിഷം

Abhijith VM | Samayam Malayalam 24 Apr 2018, 4:02 pm
കണ്ണൂര്‍ പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായത് അലുമിനിയം ഫോസ്‌ഫൈഡ് എന്ന രാസപദാര്‍ഥമാണെന്ന് പോലീസ് സ്ഥിരീകരിച്ചത് ഇന്നാണ്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്ന സ്ത്രീയും സമാനമായ ലക്ഷണങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. പക്ഷേ, അലുമിനിയം ഫോസ്‌ഫൈഡ് മരണങ്ങളിലേക്കുള്ള തുമ്പ് ആണ് പോലീസിന് ഈ ചോദ്യം ചെയ്യല്‍. കാരണം, ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിന് അനുസരിച്ചാണ് അലുമിനിയം ഫോസ്‌ഫൈഡിനെ വിലയിരുത്തേണ്ടത്.
Samayam Malayalam അലുമിനിയം ഫോസ്ഫൈഡ്
അലുമിനിയം ഫോസ്ഫൈഡ് കലർന്ന ഒരു എലിവിഷം - Representative Image


മിക്കപ്പോഴും കൊലപാതകങ്ങളെ ആത്മഹത്യയായി കരുതാന്‍ പ്രേരിപ്പിക്കുന്ന, ചോദ്യങ്ങളെ കൊന്നുകളയുന്ന വിഷമാണ് അലുമിനിയം ഫോസ്‌ഫൈഡ്.

ലോകത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്ന വിഷങ്ങളിലൊന്നാണ് അലുമിനിയം ഫോസ്‌ഫൈഡ്. കീട നിയന്ത്രണമാണ് പ്രധാനപ്പെട്ട ഉപയോഗം. എലി നിയന്ത്രണത്തിനുള്ള മരുന്നുകളില്‍ ഫോസ്‌ഫൈഡ് കൂടുതലുണ്ട്. ധാന്യങ്ങള്‍ സംരക്ഷിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. വില കുറവ്, എളുപ്പത്തില്‍ ലഭ്യമാകും, കാര്‍ഷിക മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നിവകൊണ്ട് ആരും ഒളിച്ചുപോയി വാങ്ങുന്ന വിഷമല്ല അലുമിനിയം ഫോസ്‌ഫൈഡ്.

മനുഷ്യനെ കൊല്ലുമോ?

ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കേണ്ട വിഷമാണ് അലുമിനിയം ഫോസ്‌ഫൈഡ്. അധിക ഡോസില്‍ മനുഷ്യശരീരത്തില്‍ എത്തിയാല്‍ മരണംവരെ സംഭവിക്കാം. അതുകൊണ്ടുതന്നെ എല്ലായിപ്പോഴും അലുമിനിയം ഫോസ്‌ഫൈഡ് ഉള്‍പ്പെടുന്ന മരണങ്ങളില്‍ ദുരൂഹത ബാക്കിയാണ്. കണ്ണൂര്‍ പിണറായിലെ മരണങ്ങളും വ്യത്യസ്തമല്ല.

1981ല്‍ ആണ് ആദ്യമായി ഇന്ത്യയില്‍ അലുമിനിയം ഫോസ്‌ഫൈഡ് പോയിസണിങ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ഇതെന്ന് 1988ല്‍ പുറത്തിറങ്ങിയ ഒരു ഗവേഷണ പ്രബന്ധം പറയുന്നു. 1981ന് ശേഷം അലുമിനിയം ഫോസ്‌ഫൈഡ് ഉപയോഗിച്ചുള്ള മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. 2004വരെയുള്ള കണക്ക് എടുത്താല്‍ ഉത്തരേന്ത്യന്‍ കര്‍ഷക ആത്മഹത്യകളില്‍ ഏറിയ പങ്കും അലുമിനിയം ഫോസ്‌ഫൈഡ് കഴിച്ചാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി പ്രസിദ്ധീകരിച്ച പഠനം നിരീക്ഷിക്കുന്നു. 2006വരെ അലുമിനിയം ഫോസ്‌ഫൈഡ് കാരണമുണ്ടാകുന്ന മരണങ്ങളില്‍ 94 ശതമാനവും ആത്മഹത്യകളായിരുന്നുവെന്ന് ജാംനഗറില്‍ ഇതേക്കുറിച്ച് പഠനം നടത്തിയ ഡോ.ബി.ഡി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അലുമിനിയം ഫോസ്‌ഫൈഡ് വിഷമാകുന്നത്

ദ്രാവകങ്ങളോട് ചേരുമ്പോള്‍ അലുമിനിയം ഫോസ്‌ഫൈഡ് ഫോസ്ഫിന്‍ വാതകമായി മാറുന്നു. ഇതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. അലുമിനിയം ഫോസ്‌ഫൈഡ് ശരീരത്തിനുള്ളില്‍ കടന്നാല്‍ വയറ്റിനുള്ളിലെ ആസിഡുകളും വെള്ളവുമായി പ്രവര്‍ത്തിച്ച് ഫോസ്ഫിന്‍ വാതകമാകും. ഇത് നേരിട്ട് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ശ്വസനപ്രക്രിയയെയും തടസപ്പെടുത്തും. പൂര്‍ണമായും ഇത് എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നതെയുള്ളൂ.

ഇന്ത്യയില്‍ 1992ല്‍ നടന്ന പഠനം അനുസരിച്ച് വയറിളക്കം, ഓക്‌സിജന്‍ കുറഞ്ഞ് തൊലി വിളറല്‍, ശ്വാസതടസം, ക്ഷീണം അനുഭവപ്പെടല്‍ എന്നിവ ഫോസ്ഫിന്‍ കാരണം ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തി. രക്തത്തിലെ ഓക്‌സിജന്‍ കുറയ്ക്കുന്നതാണ് പ്രധാനമായും ഫോസ്ഫിന്‍റെ പ്രവര്‍ത്തനം.

അയല്‍ക്കാരെ തമ്മില്‍ അകറ്റുന്ന വിഷം

ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന രാസവസ്തുക്കളില്‍ ഒന്നാണ് അലുമിനിയം ഫോസ്‌ഫൈഡ്. 2015ല്‍ ഇറാന്‍ - സൗദി നയതന്ത്ര ബന്ധം വഷളാകുന്നതില്‍ അലുമിനിയം ഫോസ്‌ഫൈഡ് കാരണമായിരുന്നു. ഇറാനിലെ മഷാദ് എന്ന നഗരത്തിലെ ഹോട്ടലില്‍ നാല് സൗദി വിനോദസഞ്ചാരികള്‍ മരിച്ചത് ഫോസ്‌ഫൈഡ് ഉള്ള എലിവിഷം വെള്ളവുമായി ചേര്‍ന്നതിനെ തുടര്‍ന്നാണ്.

ഇന്ത്യയില്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിയാന മുന്‍ ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഫിസയുടെ മരണത്തില്‍ ഫോസ്‌ഫൈഡ് ആയിരുന്നു മരണകാരണം.

ദുബയ് നഗരത്തിലും അലുമിനിയം ഫോസ്‌ഫൈഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2017ല്‍ ദുബയ് പോലീസ് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ വര്‍ഷം അവിടെ 10 പേരാണ് അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ച് മരിച്ചത്. എലികള്‍ക്ക് എതിരെ പ്രയോഗിച്ച വിഷം എയര്‍ കണ്ടീഷന്‍ ഡക്റ്റുകളിലൂടെയാണ് പടര്‍ന്നതെന്നായിരുന്നു കൂടുതലും കേസുകളില്‍ തെളിഞ്ഞത്.

2017 അവസാനം അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ നാല് കുട്ടികളുടെ മരണത്തിന് ഫോസ്‌ഫൈഡ് കാരണമായിരുന്നു. കീടനാശിനിക്ക് മുകളില്‍ വെള്ളം തളിച്ചപ്പോള്‍ ഇത് ഫോസ്ഫിന്‍ ആയി മാറിയതായിരുന്നു അന്ന് അപകടകാരണം.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്