ആപ്പ്ജില്ല

എല്ലാം സജ്ജം, ആദ്യദിനം 13300 പേർ; വാക്സിനേഷൻ കേന്ദ്രത്തിലെ നടപടികൾ ഇങ്ങനെ

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. വാക്സിൻ സ്വീകരിക്കുന്നവരിൽ ഉണ്ടാകുന്ന ചെറിയ രോഗലക്ഷണങ്ങള്‍ പോലും ആരോഗ്യവകുപ്പ് നിരീക്ഷിക്കം.

Samayam Malayalam 16 Jan 2021, 8:24 am
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിന കൊവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്രങ്ങള്‍ സജ്ജം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട 13300 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്സിൻ ലഭിക്കുക. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് വാക്സിൻ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്.
Samayam Malayalam corona vaccine 2
കൊവിഡ് വാക്സിൻ, പ്രതീകാത്മക ചിത്രം Photo: Agencies/File


ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഇന്ന് വാക്സിൻ സ്വീകരിക്കും. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊവിഷീൽഡ് വാക്സിനാണ് കേരളത്തിൽ വിതരണത്തിനായി എത്തിയിട്ടുള്ളത്. രണ്ട് ഡിഗ്രി മുതൽ എട്ട് ഡിഗ്രി വരെയുള്ള താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാകുന്ന വാക്സിൻ ശീതീകരണ സംവിധാനത്തിൻ്റെ സഹായത്തോടെയാണ് 133 കേന്ദ്രങ്ങളിലും എത്തിച്ചിട്ടുള്ളത്.

രാജ്യം കൊവിഡ് വാക്‌സിൻ വിതരണത്തിലേക്ക്; പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിർവഹിക്കും
ഇന്നു മുതൽ ഒരു കേന്ദ്രത്തിൽ ഒരു ദിവസം നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീതമാണ് വാക്സിൻ നല്‍കുക. കൊവിൻ ആപ്പിലെ ഡേറ്റാബേസിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തിവെയ്പ്പ് എടുക്കാനുള്ള തീയതിയും വാക്സിനേഷൻ കേന്ദ്രവും അടക്കമുള്ള സന്ദേശം നാളെ മുതൽ ലഭിച്ചു തുടങ്ങും.

സര്‍ക്കാര്‍ ആശുപത്രികളിൽ സജ്ജീകരിച്ചിരിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും വാക്സിനേഷൻ നടക്കുമെങ്കിലും ചില ജില്ലകളിൽ സ്വകാര്യ ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് വാക്സിനേഷൻ നടക്കുക. വാക്സിൻ കേന്ദ്രങ്ങളിൽ സാമൂഹിക അകലവും മാസ്കും ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വാക്സിൻ്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

'പേടി വേണ്ട, ജാഗ്രത കൈവിടരുത്': ഒരുക്കങ്ങള്‍ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി
അതേസമയം, കടുത്ത കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, പ്ലാസ്മ തെറാപ്പി നടത്തിയവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് കൊവിഡ് വാക്സിൻ നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നു തെളിയിക്കപ്പെട്ട വാക്സിനാണ് കൊവിഷീൽഡ് എങ്കിലും കുത്തിവെയ്പ്പ് എടുത്തവര്‍ക്ക് ഉണ്ടാകുന്ന ചെറിയ അലര്‍ജി പോലും നിരീക്ഷിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം രണ്ടാം ഡോസ് നല്‍കാനുള്ള വാക്സിനും എത്തിക്കും.

കൈയിലെ മസിലിലാണ് വാക്സിൻ കുത്തിവെക്കുക. 28 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസും സ്വീകരിക്കുമ്പോഴാണ് പൂര്‍ണഫലം ലഭിക്കുക. കുത്തിവെയ്പ്പ് എടുത്ത് 21 ദിവസത്തിനു ശേഷം ഭാഗികമായും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിനകം പൂര്‍ണപ്രതിരോധ ശേഷിയും നേടും. കൊവിഷീൽഡ് വാക്സിൻ 70 ശതമാനത്തിലധികം പേരിൽ ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ പരീക്ഷണത്തിൽ തെളിഞ്ഞിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്