ആപ്പ്ജില്ല

ട്രിപ്പിള്‍ ലോക്ക് ഡൗൺ: പ്ലസ് ടു ഫലപ്രഖ്യാപനം വൈകുമെന്ന് റിപ്പോര്‍ട്ട്

ജൂലൈ ആദ്യവാരം ഫലം പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു വിവരമെങ്കിലും തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫലം വൈകുമെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 6 Jul 2020, 4:50 pm
ന്യൂഡൽഹി: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ പ്ലസ് ടു ഫലം വൈകും. നഗരത്തിൽ ലോക്ക്ഡൗൺ മൂലം നടപടിക്രമങ്ങള്‍ വൈകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം വൈകുമെന്ന് കേരള ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കണ്ടറി എജ്യൂക്കേഷൻ അറിയിച്ചു. നഗരത്തിലെ നിയന്ത്രണങ്ങളിൽ അയവു വന്ന ശേഷം മാത്രമേ ഫലപ്രഖ്യാപനം ഉണ്ടാകൂ എന്നാണ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുള്ളത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പ്ലസ് ടു ഫലം തയ്യാറാണെന്നും എന്നാൽ ബോര്‍ഡ് ഇതുവരെ ഫലത്തിന് അംഗീകാരം നല്‍കിയിട്ടില്ലെന്നുമാണ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ദേശീയ മാധ്യമത്തിൻ്റെ റിപ്പോര്‍ട്ട്. നഗരത്തിൽ ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഒരാഴ്ചത്തേയ്ക്ക് ബോര്‍ഡ് യോഗം ചേരാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡ് യോഗം ചേര്‍ന്ന് അനുമതി നല്‍കിയാലും ബാക്കി നടപടിക്രമങ്ങള്‍ക്കായി നാല് ദിവസത്തോളം സമയമെടുക്കുമെന്നതിനാൽ ജൂലെ 16നോ 17നോ മാത്രമേ ഫലപ്രഖ്യാപനം നടത്താൻ സാധിക്കൂ എന്നാണ് വിവരം. എന്നാൽ ഇക്കാര്യം ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: എന്താണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍? നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിങ്കളാഴ്ച രാവിലെ ആറുമണി മുതലാണ് നഗരത്തിൽ ഒരാഴ്ചത്തേയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണമാണുള്ളത്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ലോക്ക്ഡൗണിൽ പ്രവര്‍ത്തനാനുമതിയുള്ളത്.

സംസ്ഥാനത്ത് എതു നിമിഷം വേണമെങ്കിലും കൊവിഡ് സമൂഹവ്യാപനം സംഭവിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തൽ. തിരുവനന്തപുരം ജില്ല അഗ്നിപര്‍വതത്തിനു മുകളിലാണെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപനം.

ജൂലൈ ആദ്യവാരം പ്ലസ് ടു പരീക്ഷാഫലവും അതോടൊപ്പം വോക്കേഷണൽ ഹയര്‍ സെക്കണ്ടറി ഫലവും വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്