ആപ്പ്ജില്ല

ബീവറേജസ് ഔട്ട്ലറ്റുകളും ഹൈടെകാകുന്നു

ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ നടപടി

Samayam Malayalam 23 Jun 2018, 11:36 am
തിരുവനന്തപുരം: പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് കോടികള്‍ സംഭാവന ചെയ്യുന്ന മദ്യപാനികളെ ക്യൂവിൽ നിര്‍ത്തി അപമാനിക്കുകയാണെന്നുള്ള പരാതികള്‍ക്ക് ഇനി വിട. സംസ്ഥാനത്തെ മദ്യവിൽപനശാലകള്‍ക്ക് ഹൈടെക് മുഖം നല്‍കാൻ ഒരുങ്ങുകയാണ് ബീവറേജസ് കോര്‍പ്പറേഷൻ. ഔട്ട്ലെറ്റുകളിലൂടെ വിദേശനിര്‍മിത വിദേശമദ്യം കൂടി വിൽക്കാൻ തീരുമാനിച്ചതോടെയാണ് വിൽപനശാലകളുടെ മുഖം മിനുങ്ങുന്നത്.
Samayam Malayalam liquor shop.


ബീവറേജസ് കോര്‍പ്പറേഷന്‍റെ 266 കടകളിൽ സാധ്യമായിടത്തെല്ലാം എസി സ്ഥാപിക്കും. നിലവിൽ 15 കടകളിൽ ടോക്കൺ സംവിധാനവും ഉപഭോക്താക്കള്‍ക്ക് ഇരിക്കാൻ കസേരകളുമുണ്ട്. അടുത്ത മാസം അവസാനത്തോടെ ഇത് 100 കടകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. കുപ്പി വാങ്ങിച്ചാൽ പൊതിയാൻ കടലാസുപോലും തരില്ലെന്ന പരാതിയും ഇനിയില്ല. മദ്യം വാങ്ങാനുള്ള സഞ്ചിയ്ക്കുള്ള ടെൻഡറും കോര്‍പ്പറേഷൻ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പ്ലാസ്റ്റിക് ഘടകമില്ലാത്ത സഞ്ചിയുടെ തുക ഉപഭോക്താവിൽ നിന്ന് ഈടാക്കും. കോര്‍പ്പറേഷൻ വാങ്ങുന്ന വിലയ്ക്ക് തന്നെയായിരിക്കും സഞ്ചി ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്ന് മാനേജിങ് ഡയറക്ടര്‍ എച്ച് വെങ്കിടേഷ് പറ‍ഞ്ഞു.

എല്ലാ കടകളിലും ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനുള്ള മെഷീനുകളും ഉടൻ സ്ഥാപിക്കും. ഇതിനായി പഞ്ചാബ് നാഷണൽ ബാങ്കുമായി കരാറായിട്ടുണ്ട്.

ഇതോടൊപ്പം ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പെരുമാറ്റം നിരീക്ഷിക്കാനായി സിസിടിവി ക്യാമറകളും കടകളിൽ സ്ഥാപിക്കും. കോര്‍പ്പറേഷൻ ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് തത്സമയം നിരീക്ഷിക്കാവുന്ന രൂപത്തിലാണ് ഇവയുടെ പ്രവര്‍ത്തനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്