ആപ്പ്ജില്ല

ഫ്രാങ്കോയെ പിന്തുണച്ച് ബിഷപ്പ് തോമസ് തറയിൽ; എതിര്‍പ്പുമായി വിശ്വാസികള്‍

സത്യമറിയാതെ നിലപാടെടുക്കാൻ കഴിയില്ലെന്ന് ചങ്ങനാശ്ശേരി സഹായമെത്രാൻ

Samayam Malayalam 12 Sept 2018, 10:58 am
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പോലീസ് അന്വേഷണം ഇഴയുമ്പോള്‍ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി രൂപത സഹായമെത്രാൻ തോമസ് തറയിൽ രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് തറയിൽ പിന്തുണയറിയിച്ചിരിക്കുന്നത്.
Samayam Malayalam tharayi


കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന് കരുതുന്നതെന്നാണ് താൻ പഠിച്ചിരിക്കുന്നതെന്നും സത്യമറിയാതെ നിലപാടെടുക്കാൻ സഭയ്ക്ക് കഴിയില്ലെന്നും തോമസ് തറയിൽ ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നത് പുതിയ കേരള മോഡലിന്‍റെ സംഭാവനയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കുറ്റാരോപിതൻ ഒരു വൈദികനോ കത്തോലിക്കാ മെത്രാനോ ആണെങ്കിൽ നിരപരാധിയാണെന്ന് തെളിയുംവരെ കുറ്റവാളിയെന്ന് കണക്കാക്കപ്പെടുമെന്നാണ് തനിക്ക് മനസ്സിലാകുന്നത്. ഇത് കാലത്തിന്‍റെ മാറ്റമാണോ നീതിബോധത്തിന്‍റെ മാറ്റമാണോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ബിഷപ്പ് തോമസ് തറയിലിന്‍റെ പ്രസ്താവനയോട് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞെന്നാണ് സൂചന. പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്‍റുകളിൽ ബഹുഭൂരിപക്ഷവും പോസ്റ്റിലെ നിലപാടിനോടുള്ള എതിര്‍പ്പായിരുന്നു. കുറ്റാരോപിതൻ നിരപരാധിത്വം തെളിയുംവരെ പദവിയിൽ നിന്ന് മാറി നിൽക്കുന്നതല്ലേ ഉചിതമെന്ന് വിശ്വാസികള്‍ ആരായുന്നു. ഫ്രാങ്കോയുടെ വിഷയത്തിൽ ഇടപെട്ട് നാണം കെടരുതെന്നും സഭയ്ക്ക് കന്യാസ്തീ പരാതി നല്‍കി ഇത്രകാലമായിട്ടും നടപടികള്‍ ഉണ്ടായില്ലെന്നും കമന്‍റ് ബോക്സിൽ വിമര്‍ശനമുയര്‍ന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്