ആപ്പ്ജില്ല

'ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നു, സുരേന്ദ്രൻ വിളിച്ചിരുന്നു': തുറന്ന് പറഞ്ഞ് സുന്ദര

വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതൃത്വത്തിൽ നിന്ന് ഭീഷണിയുണ്ടായതായി കെ സുന്ദര

Samayam Malayalam 6 Jun 2021, 1:40 pm
കാസർകോട്: വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടാകുന്നതായി കെ സുന്ദര. കേസ് ബിജെപി സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് തനിക്ക് നേരെ ഭീഷണിയുണ്ടാകുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്നും പിന്മാറാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരത്തെ സ്ഥാനാർഥി കൂടിയായ സുന്ദരയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഭീഷണി ശക്തമായതെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി.
Samayam Malayalam bjp leaders threatening me on kodakara black money case says k sundara
'ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നു, സുരേന്ദ്രൻ വിളിച്ചിരുന്നു': തുറന്ന് പറഞ്ഞ് സുന്ദര


സുന്ദരയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

വിവിധ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം സുന്ദര നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കൊടകര കുഴൽപ്പണക്കേസിൽ ആരോപണം നേരിടുന്ന കെ സുരേന്ദ്രനെതിരെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവരങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. " തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനും പത്രിക പിൻവലിക്കാനുമായി തനിക്ക് രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും നല്‍കി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം അമ്മയുടെ കൈയ്യിൽ നൽകുകയായിരുന്നു. 15 ലക്ഷം രൂപയാണ് ചോദിച്ചത്, എന്നാൽ രണ്ട് ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. സുരേന്ദ്രൻ വിജയിച്ചാൽ പുതിയ വീടും കര്‍ണാടകയിൽ വൈൻ പാര്‍ലറും നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കിക്കോളാമെന്ന് സുരേന്ദ്രൻ ഉറപ്പു നല്‍കി. ബിജെപി നേതാക്കള്‍ വന്നു കണ്ടതിനു ശേഷം സുരേന്ദ്രൻ നേരിട്ടു ഫോണിൽ ബന്ധപ്പെട്ടിരുന്നു" - എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ബിജെപിയിൽ നിന്ന് ഭീഷണിയെന്ന് സുന്ദര

വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതൃത്വത്തിൽ നിന്ന് ഭീഷണിയുണ്ടായതായി കെ സുന്ദര മനോരമ ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനും പത്രിക പിൻവലിക്കാനുമായി പണം വാങ്ങിയെന്ന വെളിപ്പെടുത്തൽ പിൻവലിക്കാൻ തന്നോട് പറയണമെന്ന് ബിജെപി നേതാക്കൾ അമ്മയോട് ആവശ്യപ്പെട്ടു. ഭീഷണിയോ ഉപദ്രവമോ ഇതുവരെ ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാൻ വിളിക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. ആരുടെയും പ്രലോഭനത്തെ തുടർന്നല്ല താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചെയ്‌തത് തെറ്റ്, തിരികെ നൽകാൻ പണമില്ല

തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനും പത്രിക പിൻവലിക്കാനുമായി ബിജെപി നേതൃത്വത്തിൽ നിന്നും പണം വാങ്ങിയത് തെറ്റായിപ്പോയെന്ന് സുന്ദര പറഞ്ഞു. വാങ്ങിയ പണം മടക്കി നൽകാൻ കഴിയില്ല. കൈയിൽ പണമില്ലാത്തതാണ് കാരണം. വീടിൻ്റെ ആവശ്യത്തിനും മരുന്നിനുമായിട്ട് പണം ചെലവഴിച്ചു. പോലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഭീഷണിയുണ്ടായിരുന്നു. അന്ന് സ്ഥലത്ത് നിന്നും മാറി നിൽക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പണം നൽകിയതിനാൽ മത്സരിച്ചില്ല

പണം ലഭിച്ചതിനെ തുടർന്നാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും മാറി നിന്നത്. ഇക്കാര്യം പുറത്ത് പറയരുതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഇതേത്തുടർന്നാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന് പറയേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച ശേഷം കെ സുരേന്ദ്രൻ ഫോണിൽ വിളിച്ചിരുന്നു. രണ്ടര ലക്ഷം രൂപയാണ് നൽകിയത്. അന്ന് ലഭിച്ച ഫോണാണ് ഇപ്പോ ഉപയോഗിക്കുന്നത്. വിവരങ്ങൾ പുറത്തുവരുമെന്ന സൂചന ലഭിച്ചിരുന്നു. പലരും ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സുന്ദര വെളിപ്പെടുത്തി.

വെളിപ്പെടുത്തലിന് പിന്നിൽ ആരെങ്കിലുമുണ്ടോ?

സംസ്ഥാന ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലിന് പിന്നിൽ എൽഡിഎഫോ യുഡിഎഫോ ഇല്ലെന്ന് സുന്ദര പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരമാണ് വെളിപ്പെടുത്തൽ നടത്തിയത്. ആരുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായിട്ടില്ല. മത്സരിക്കാൻ തീരുമാനിച്ച് നോമിനേഷൻ നൽകിയ ശേഷം പിൻവലിച്ച നടപടി ശരിയല്ല. മത്സരിക്കുകയായിരുന്നു വേണ്ടത്. ജയവും തോൽവിയും ജനങ്ങളാണ് തീരുമാനിക്കുന്നത്. നാമനിർദേശ പത്രിക നൽകിയത് കൊണ്ട് മാത്രം ഒരാൾ ജയിക്കുകയില്ലല്ലോ. പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും സുന്ദര പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്