ആപ്പ്ജില്ല

കുട്ടനാട്ടിൽ തുഷാറിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നീക്കം; സെൻകുമാർ മത്സരിക്കുമെന്ന് റിപ്പോർട്ട്

തുഷാർ വെള്ളാപ്പള്ളി മത്സരരംഗത്തിറങ്ങിയാൽ സാമുദായിക ഘടകങ്ങൾ അനുകൂലമാകുമെന്ന നിഗമനത്തിലാണ് ബിജെപി നേതൃത്വം. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാർ

Samayam Malayalam 10 Sept 2020, 10:00 am
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി മത്സരരംഗത്തിറങ്ങണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. സാമുദായിക ഘടകങ്ങൾ തുണച്ചാൽ വിജയിച്ച് കയറാമെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാൽ മത്സരത്തിന് ഇല്ലെന്ന നിലപാടിലാണ് തുഷാറുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam bjp pressuring bdjs leader thushar vellappally to contest in kuttanad by election
കുട്ടനാട്ടിൽ തുഷാറിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നീക്കം; സെൻകുമാർ മത്സരിക്കുമെന്ന് റിപ്പോർട്ട്


Also Read: 'ഉപതെരഞ്ഞെടുപ്പ് വേണ്ട'; വിഷയം ചർച്ചചെയ്യാൻ സർവ്വകക്ഷി യോഗം വിളിച്ച് സർക്കാർ

ബിഡിജെഎസ് വിമത വിഭാഗമായ സുഭാഷ് വാസുവും കൂട്ടരും ഉടൻ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ തുഷാർ മത്സരിക്കാനിറങ്ങിയാൽ വിമതനീക്കം അതിജീവിക്കാൻ കഴിയുമെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. 2016ൽ മണ്ഡലത്തിൽ എൻഡിഎയുടെ സുഭാഷ് വാസു മികച്ച മുന്നേറ്റമാണ് കാഴ്‌ചവെച്ചത്. തുഷാർ മത്സരിക്കാനിറങ്ങിയാൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുന്ന തുഷാർ പ്രാദേശിക നേതാക്കളുടെ പേരുകളാണ് മുന്നോട്ട് വെക്കുന്നത്. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ ടിപി മന്മദൻ, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡൻ്റ് ടി അനിയപ്പൻ എന്നിവരുടെ പേരുകളാണ് മുന്നോട്ട് വെക്കുന്നത്. അടുത്തയാഴ്‌ച തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

കുട്ടനാട്ടിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ബിഡിജെഎസ് വിമത വിഭാഗം ഈയാഴ്‌ച സ്ഥാനാർഥിയെ പ്രഖ്യാപിക്കും. മുൻ ഡിജിപി ടിപി സെൻകുമാറോ സുഭാഷ് വാസുവോ ആയിരിക്കും മത്സരിത്തിനുണ്ടാകുക. ബിഡിജെഎസിലെ പ്രശ്‌നങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്ക ബിജെപിക്കുണ്ടെങ്കിലും അവരുടെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് ബിജെപി.

Also Read: ആഗോള കൊവിഡ് മരണസംഖ്യ 900000 കടന്നു; ഭീതി ഉയർത്തുന്നത് ഈ കണക്കുകൾ

അതിനിടെ കുട്ടനാട്, ചവറ തെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് യോഗം. നാല് മാസത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. 2021 മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്