ആപ്പ്ജില്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍; യുഡിഎഫ് ചിത്രത്തിലില്ലെന്ന് കെ സുരേന്ദ്രന്‍

ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Samayam Malayalam 24 Nov 2020, 5:46 pm
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാത്രമല്ല, യുഡിഎഫ് ചിത്രത്തിലില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്റെ അഴിമതിയും ഏകാധിപത്യവും നേരിടാന്‍ യുഡിഎഫിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ ഹാളില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് കെ സുരേന്ദ്രന്റെ പ്രസ്താവന.
Samayam Malayalam bjp state president k surendran says that the competition in this local body election may between nda and ldf
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍; യുഡിഎഫ് ചിത്രത്തിലില്ലെന്ന് കെ സുരേന്ദ്രന്‍


​ഇടതുപക്ഷത്തിന് ബദല്‍ ദേശീയ ജനാധിപത്യ സഖ്യം മാത്രം

ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 'ദേശീയതലത്തിലെ പോലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി കഴിഞ്ഞു. ഐക്യമുന്നണിയില്‍ ലീഗിന്റെ അപ്രമാദിത്വമാണുള്ളത്. കാലാകാലങ്ങളായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതില്‍ വലിയ ആശങ്കയാണുള്ളത്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി കഴിഞ്ഞു', കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

​അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാകും

'കോഴക്കേസില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചു. ഇത്തവണ ഇടതുപക്ഷവും ദേശീയ ജനാധിപത്യ സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. രണ്ട് പ്രധാന മുന്നണികളും ഒരുപോലെ പ്രതിസന്ധിയിലായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്', അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

​ഭരണപക്ഷവും പ്രതിപക്ഷവും പ്രതിക്കൂട്ടില്‍

ഭരണകക്ഷിയും പ്രതിപക്ഷവും പ്രതിക്കൂട്ടിലാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. 'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഓരോ ദിവസവും ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെയും അഴിമതി ആരോപണമുയരുന്ന അപൂര്‍വ്വ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അഴിമതി പരമ്പരകള്‍ കേരളം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകര്‍ത്തു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയില്‍ നടക്കുന്നത്. കോണ്‍ഗ്രസായിരുന്നെങ്കില്‍ കേസുകള്‍ ഒത്തുതീര്‍ത്ത് കൊള്ളമുതല്‍ പങ്കിട്ടെടുത്തേനേ', അദ്ദേഹം വ്യക്തമാക്കി.

​'യുഡിഎഫ് നേതാക്കളും മോശമല്ല'

എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍പക്ഷികളായതിനാല്‍ പ്രതിപക്ഷത്തിന് അഴിമതിക്കെതിരെ മിണ്ടാനാവുന്നില്ല. പരസ്പരം അഴിമതികള്‍ ഒത്തുതീര്‍പ്പാക്കുന്ന വിചിത്രമായ രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 'ബാര്‍ക്കോഴകേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി. ബാര്‍ക്കോഴകേസ് അട്ടിമറിച്ചതുകൊണ്ട് പിണറായിക്ക് എന്ത് ലാഭമാണ് കിട്ടിയത്? ബാര്‍ ഉടമകള്‍ പിരിച്ച പണം എവിടേക്ക് പോയി? സംസ്ഥാന മന്ത്രിമാര്‍ക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിഷേപമുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നത്. യുഡിഎഫ് നേതാക്കളും മോശമല്ല'.

​തോമസ് ഐസക് വിദേശ നിക്ഷേപത്തെ കുറിച്ച് എന്താണ് മിണ്ടാത്തത്?

നേതാക്കളെല്ലാം അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികളാണ് വിദേശത്ത് നിക്ഷേപിക്കുന്നത്. തോമസ് ഐസക്ക് വിദേശ നിക്ഷേപത്തെ കുറിച്ച് എന്താണ് മിണ്ടാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ധനമന്ത്രി കിഫ്ബിയുടെ പേരില്‍ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി കാരണം കേന്ദ്രത്തിന്റെ പല പദ്ധതികളും പൂര്‍ണ്ണമായും ജനങ്ങളിലെത്തുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അഴിമതിക്കാരെ പുറത്താക്കാന്‍ എന്‍ഡിഎക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്