ആപ്പ്ജില്ല

കോയമ്പത്തൂര്‍ വാഹനാപകടം: ഡ്രൈവര്‍ക്കെതിര മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

അപകടത്തില്‍ 19 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. മരിച്ചവര്‍ മുഴുവന്‍ മലയാളികളാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ ഹേമരാജ് പോലീസിന് മൊഴി നല്‍കി.

Samayam Malayalam 21 Feb 2020, 8:39 am
തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും. അറസ്റ്റിലായ ഹേമരാജിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉറങ്ങിപ്പോകുകയായിരുന്നെന്നും ഇതേതുടര്‍ന്ന്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും ഡ്രൈവര്‍ ഹേമരാജ്‌ മൊഴി നല്‍കി. ഹേമരാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Samayam Malayalam കോയമ്പത്തൂര്‍ ബസ് അപകടം


കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിനു ശേഷം ഡ്രൈവര്‍ ഒളിവില്‍ പോയിരുന്നു. ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനാപകടത്തിന് കാരണം കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ ടയര്‍ പൊട്ടിയതല്ലെന്ന് കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30 യോടെ ആയിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ച 19 പേരും മലയാളികളാണ്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അധികം പരിക്കില്ലാത്തവര്‍ ഇന്നലെ തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്