ആപ്പ്ജില്ല

'അഭയയെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിലിട്ടു, പ്രതികളെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടു'; വിധിന്യായം

കോടതിക്ക് മുന്നിലെത്തിയ സാക്ഷിമൊഴികൾ വിശ്വസനീയമാണെന്ന് വ്യക്തമാക്കുന്നതാണ് സിബിഐ കോടതി ജഡ്ജി കെ സനൽ കുമാര്‍ വിധിന്യായം. പ്രതികളെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ അഭയ കണ്ടതാണ് അവരെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്

Samayam Malayalam 23 Dec 2020, 7:25 pm
തിരുവനന്തപുരം: സിസ്‌റ്റർ അഭയയെ തലയ്‌ക്കടിച്ച് കൊന്ന് കിണറ്റിലിട്ടതാണെന്ന് വിധിന്യായത്തിൽ കോടതി. അഭയുടെ മരണം ആത്മഹത്യയല്ല. കോടതിക്ക് മുന്നിലെത്തിയ സാക്ഷിമൊഴികൾ വിശ്വസനീയമാണ്. കൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് സാധൂകരിക്കുന്നതാണെന്നും തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽ കുമാര്‍ വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
Samayam Malayalam സി. സെഫിയും ഫാ. തോമസ് കോട്ടൂരും. Photo: ANI
സി. സെഫിയും ഫാ. തോമസ് കോട്ടൂരും. Photo: ANI


Also Read: അഭയ വധക്കേസ്: ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തം, സി. സെഫിയ്ക്ക് ജീവപര്യന്തം, 5 ലക്ഷം വീതം പിഴ

ഫാ. തോമസ് കോട്ടൂരിൻ്റെ കൂറ്റസമ്മതവും അടയ്ക്കാ രാജുവിൻ്റെ മൊഴിയും നടന്നത് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നു. ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെൻ്റിലെ നിത്യസന്ദര്‍ശകനായിരുന്നു. സെഫിയുടെ സ്വഭാവം സാക്ഷിമൊഴികളില്‍ നിന്നും വൈദ്യപരിശോധനാഫലത്തിലും വ്യക്തമാണെന്നും വിധിയില്‍ പറയുന്നു.

പുലർച്ചെ മഠത്തിൻ്റെ അടുക്കളയിൽ വെച്ച് പ്രതികളെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ അഭയ കണ്ടതാണ് അവരെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്. തോമസ് കോട്ടൂർ പ്രോസിക്യൂഷൻ സാക്ഷിയായ കളർകോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണെന്നും അന്തിമവിധിയിൽ സിബിഐ കോടതി വ്യക്തമാക്കുന്നു.

സിസ്‌റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലമാണ് ഈ കേസിലെ ശക്തമായ മറ്റൊരു തെളിവായി കോടതി കാണുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്‌പിയായ കെടി മൈക്കിളിനെതിരെ നടപടി വേണമെന്നും വിധിന്യായത്തിൽ സിബിഐ കോടതി വ്യക്തമാക്കി. നിർണായക തെളിവുകൾ നശിപ്പിച്ച കെടി മൈക്കിളിനെതിരെ പോലീസ് മേധാവി ആവശ്യമായ നടപടിയെടുക്കണമെന്നും സിബിഐ കോടതി വിധിന്യായത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Also Read: നിയമസഭയിൽ തോറ്റാൽ ഐക്യരാഷ്ട്ര സഭയിലേക്ക് പോകുമോ? കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ ടി ജലീൽ

കേസിൽ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണം. അതിക്രമിച്ച് കയറിയതിന് ഫാ. കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം. സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്