ആപ്പ്ജില്ല

നീക്കം വിജയിച്ചാൽ കോൺഗ്രസിന് നേട്ടം പലതാണ്, ചർച്ചകൾ; ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്

പ്രളയത്തെക്കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ നെതർലാൻഡ് സന്ദർശനത്തിനു ശേഷം തുടർ നടപടി ഉണ്ടോയോയെന്ന് ആർക്കും അറിയില്ലെന്ന രൂക്ഷ വിമർശനമാണ് ചെറിയാൻ ഫിലിപ്പ് നടത്തിയത്

Samayam Malayalam 21 Oct 2021, 11:18 am
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച ഇടത് സഹയാത്രികൻ ചെറിയൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കളുമായും കോൺഗ്രസ് നേതൃത്വവുമായും അദ്ദേഹം ചർച്ചകൾ നടത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കേരള സഹൃദയവേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. എന്നാൽ കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.
Samayam Malayalam cheriyan philip may return to congress party
നീക്കം വിജയിച്ചാൽ കോൺഗ്രസിന് നേട്ടം പലതാണ്, ചർച്ചകൾ; ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ട്


സർക്കാരിന് വിമർശനം; മുഖ്യമന്ത്രിയുടെ മറുപടി

പ്രളയത്തെക്കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ നെതർലാൻഡ് സന്ദർശനത്തിനു ശേഷം തുടർ നടപടി ഉണ്ടോയോയെന്ന് ആർക്കും അറിയില്ലെന്ന രൂക്ഷ വിമർശനമാണ് ചെറിയാൻ ഫിലിപ്പ് നടത്തിയത്. "ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. 2018 -2019 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലൻഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല" - എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന വിമർശനം. ഒരുകാലത്ത് കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായ ആളാണ് ചെറിയാൻ ഫിലിപ്പ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. "അദ്ദേഹത്തെ നല്ല രീതിയിൽ ഞങ്ങൾ സഹകരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മറ്റെന്തെങ്കിലും നിലപാടുണ്ടോ എന്ന് തനിക്കറിയില്ല. സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികൾ ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ തീരുന്നതല്ല. നല്ല രീതിയിൽ അവ നടക്കുന്നുണ്ട്. ചെറിയാൻ ഫിലിപ്പിൻ്റെ അഭിപ്രായപ്രകടനം എന്തുകൊണ്ടാണെന്ന് അറിയില്ല" - എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്?

കോൺഗ്രസ് നേതൃത്വം ചെറിയാൻ ഫിലിപ്പുമായി അനൗചചാരിക ചർച്ചകൾ നടത്തിയെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. എൽ ഡി എഫിൽ എത്തിയെങ്കിലും കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ചെറിയാൻ ഫിലിപ്പ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന നേതാവ് എ കെ ആൻ്റണി എന്നിവർ ചെറിയാൻ ഫിലിപ്പുമായി സംസാരിച്ചു. ചെറിയാനെ കോൺഗ്രസിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന നിലപാടുള്ളവരാണ് ഉമ്മൻ ചാണ്ടിയടക്കമുള്ളവർ. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം നിലവിലുള്ളത്. ഇതിന് ശേഷം കൂടിയാലോചനകൾ വേഗത്തിലാക്കാനാണ് കോൺഗ്രസ് ശ്രമം.

ചെറിയാനെ അനുനയിപ്പിക്കാൻ ശ്രമം

രാജ്യസഭാ സ്ഥാനാർഥി നിർണയത്തിൽ തഴയപ്പെട്ട ശേഷം സിപിഎമ്മുമായി അകന്ന ചെറിയാൻ ഫിലിപ്പിന് ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം സർക്കാർ നൽകിയിരുന്നു. എന്നാൽ ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ച അദ്ദേഹം വെള്ളപ്പൊക്കത്തിൻ്റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുകയും ചെയ്തു. ഇതിനിടെ പ്രശ്നപരിഹാരത്തിനായി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചെറിയാനുമായി അനുരഞ്ജന സംഭാഷണങ്ങൾ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും രണ്ട് പ്രവശ്യം തഴഞ്ഞതും സമീപകാലത്ത് സിപിഎമ്മിലേക്ക് എത്തിയ കെ ടി ജലീൽ, വീണാ ജോർജ്, അബ്ദുറഹ്മാനടക്കമുള്ളവർ മന്ത്രിയായതോടെ താൻ തഴയപ്പെടുകയാണെന്ന തോന്നലും ചെറിയാൻ ഫിലിപ്പിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ചെറിയാനെ പാളയത്തിലെത്തിച്ചാൽ കോൺഗ്രസിന് നേട്ടം

കെ സുധാകരൻ്റെ നേതൃത്വത്തിൽ സംസ്ഥാന കോൺഗ്രസിൽ പുതിയ നേതൃത്വം നിലവിൽ വന്നതോടെ യുവ നേതാക്കളടക്കമുള്ളവർ സിപിഎമ്മിൽ ചേർന്നത് കോൺഗ്രസിന് വൻ തിരിച്ചടിയായിരുന്നു. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിവന്നാൽ ഈ സാഹചര്യം മറികടക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. കെപിസിസി പുനഃസംഘടന കഴിഞ്ഞ ശേഷം മാത്രമാകും ചെറിയാൻ്റെ മനസുമാറ്റത്തിൽ കൂടുതൽ നീക്കങ്ങൾ കോൺഗ്രസ് നടത്തുകയുള്ളൂ. ഇതിനിടെ ചെറിയാൻ ഫിലിപ്പിൻ്റെ നിലപാടിനെ കെ മുരളീധരനടക്കമുള്ള നേതാക്കൾ സ്വാഗതം ചെയ്യുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്