ആപ്പ്ജില്ല

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കും;ഒരു സമയം പരമാവധി 100 പേര്‍

പൊതുസ്ഥലങ്ങളിൽ ശ്രദ്ധിക്കേണ്ട എല്ലാ മുൻകരുതലുകളും ഭക്തര്‍ സ്വീകരിക്കണമെന്നും കുറഞ്ഞത് ആറടി അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു

Samayam Malayalam 5 Jun 2020, 7:20 pm
തിരുവനന്തപുരം: കേന്ദ്രനിര്‍ദേശമനുസരിച്ച് സംസ്ഥാനത്തും ആരാധനാലയങ്ങള്‍ തുറക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും ജൂൺ 8 മുതൽ ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാൻ അനുമതി. ഭക്തര്‍ ആരാധനാലയങ്ങള്‍ക്കുള്ളിൽ പൊതുസ്ഥലങ്ങളിൽ സ്വീകരിക്കുന്ന എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം.
Samayam Malayalam മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ


ആരാധനാലയങ്ങള്‍ക്കുള്ളിൽ ഭക്തര്‍ ആറടി അകലം പാലിക്കണം. 65 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയും പ്രായമുള്ളവര്‍ക്ക് ആരാധനാലയങ്ങള്‍ക്കുള്ളിൽ പ്രവേശനം അനുവദിക്കില്ല. ഇക്കാര്യം വിശ്വാസികളെ അറിയിക്കണം. ഒരു സമയം നൂറു പേര്‍ക്കു മാത്രമായിരിക്കും ആരാധനാലയങ്ങളിൽ പ്രവേശനം. ആദ്യം വരുന്നവര്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. അന്നദാനം ഉള്‍പ്പെടെയുള്ളവ നടത്തരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ഭക്തര്‍ വിഗ്രഹങ്ങളിലോ വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ പാടില്ല. ആരാധനാലയങ്ങളിൽ എത്തുന്നവര്‍ക്ക് കൈകഴുകാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം. കൊവിഡ് പ്രതിരോധ പോസ്റ്ററുകള്‍ പതിക്കരുത്.

Also Read: കേരളത്തിൽ ഇന്ന് 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചോറൂണ് പോലുള്ള ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാമോദീസ നടത്താമെങ്കിലും ശാരീരിക അകലം പാലിക്കണം.

ദേഹശുദ്ധി വരുത്താൻ പൊതു ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുത്. പായ, വിരിപ്പ് തുടങ്ങിയവ ആരാധനയ്ക്ക് എത്തുന്നവര്‍ തന്നെ കൊണ്ടു വരണം. ക്യൂ നിൽക്കേണ്ട സ്ഥലം ഉള്‍പ്പെടെ അടയാളപ്പെടുത്തണം.


ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അതു പ്രകാരമാണ് തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലും വെര്‍ച്വൽ ക്യൂ വഴി പ്രവേശനം അനുവദിക്കും. ഒരു സമയം 50 പേര്‍ക്കായിരിക്കും സന്നിധാനത്ത് പ്രവേശനം അനുവദിക്കുക. ഭക്തര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ദേവസ്വം ജീവനക്കാര്‍ക്ക് മാസ്കും കൈയ്യുറകളും നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യഭിഷേകത്തിന് ഭക്തര്‍ നെയ്യ് പ്രത്യേക കേന്ദ്രത്തിൽ കൈമാറണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്