ആപ്പ്ജില്ല

വിവാദങ്ങള്‍ കര്‍ട്ടനിട്ടു; കിത്താബ് നാടകം പിൻവലിച്ചു

മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂളിന്‍റേതാണ് തീരുമാനം

Samayam Malayalam 30 Nov 2018, 1:53 pm
കോഴിക്കോട്: വിവാദമായ കിത്താബ് നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ നിന്ന് പിൻവലിച്ചു. കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഒന്നാമതെത്തിയ നാടകമായിരുന്നു ഇത്. മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂളിന്‍റേതാണ് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്കൂളധികൃതര്‍ നാടകം പിൻവലിക്കുന്നതായി അറിയിച്ചത്.
Samayam Malayalam kithab


മുൻവര്‍ഷങ്ങളിൽ നാടകത്തിന് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂള്‍. . ആരെയെങ്കിലും വേദനിപ്പിച്ച് നാടകം കളിക്കാനുള്ള നീക്കമില്ലെന്നാണ് നാടകം പിൻവലിക്കുന്നെന്ന് അറിയിച്ചുകൊണ്ട് സ്കൂള്‍ പ്രിൻസിപ്പാള്‍ പി.കെ കൃഷ്ണദാസ് അറിയിച്ചത്. സമ്മര്‍ദ്ധമല്ല നാടകം പിൻവലിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എഗ്രേഡും മികച്ച നടിക്കുള്ള പുരസ്കാരവും ഈ നാടകം സ്വന്തമാക്കിയിരുന്നു. നാടകം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് ഇസ്ലാം അനുകൂല സംഘടനകള്‍ ഡിഇഒയ്ക്ക് പരാതി നൽകിയിരുന്നു. നാടകത്തില്‍ ഇസ്ലാം മതത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചായിരുന്നു ഇത്.

ഉണ്ണി. ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടക ആവിഷ്‌കാരമായിട്ടായിരുന്നു കിത്താബ് അവതരിപ്പിച്ചതെന്നാണ് നാടകത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച റഫീഖ് മംഗലശ്ശേരി അറിയിച്ചിരുന്നത്. എന്നാൽ വാങ്കിന്‍റെ രാഷ്ട്രീയമല്ല കിത്താബിനുള്ളതെന്ന് ഉണ്ണി.ആറും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പള്ളിയിൽ കയറി വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കഥയാണ് കിത്താബ് പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്