ആപ്പ്ജില്ല

കൊവിഡ്19; കോഴിക്കോട് ജില്ലയില്‍ പുതുതായി 232 പേര്‍ നിരീക്ഷണത്തില്‍, 14 പേര്‍ ഐസൊലേഷനില്‍

ആകെ 137 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 127 എണ്ണത്തിന്‍റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവാണ്. ഇനി 10 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

Samayam Malayalam 20 Mar 2020, 9:02 pm
കോഴിക്കോട്: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജില്ലയില്‍ പുതുതായി 232 പേര്‍ ഉള്‍പ്പെടെ ആകെ 5798 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും ബീച്ച് ആശുപത്രിയില്‍ ഒന്‍പത് പേരും ഉള്‍പ്പെടെ ആകെ 14 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്നു പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് മൂന്നു പേരെയും ഉള്‍പ്പെടെ ആറു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 11 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്.
Samayam Malayalam Coronavirus


Also Read: കാസർകോട് അതീവ ജാഗ്രത; സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങള്‍ അടച്ചിടും, കടുത്ത നിയന്ത്രണം

ആകെ 137 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 127 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി 10 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു. ആരോഗ്യ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ജില്ലാതല അവലോകന യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഇനി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരുമായി ചര്‍ച്ച നടത്തുകയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഉണ്ടാവണമെന്ന് തീരുമാനിച്ചു.

Also Read: കാസര്‍കോട്ട് 5.23 ലക്ഷം രൂപ മൂല്യംവരുന്ന ബ്രസീല്‍ കറന്‍സികളുമായി യുവാവ് അറസ്റ്റില്‍

ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അനുരാധ, ഡോ. അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഐ.സി.ഡി.എസിലെ നിലവില്‍ ലഭ്യമാകുന്ന 30 കൗണ്‍സിലര്‍മാരുടെ സേവനം കൂടാതെ 50 പേരുടെ സേവനം കൂടി ലഭ്യമാക്കി ശൃംഖല വികസിപ്പിക്കാന്‍ തീരുമാനിച്ചു. 479 പേര്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ മാനസിക പിന്തുണ നല്‍കി. അതില്‍ 20 പേര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കി. ജില്ലയിലെ മാഹി, വടകര, കൊയിലാണ്ടി, ഫറോക്ക് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും അഴിയൂര്‍, വടകര, കൊയിലാണ്ടി, രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി, കുറ്റ്യാടി, അടിവാരം, മുക്കം തുടങ്ങിയ ബസ് സ്റ്റാന്‍ഡുകളിലും സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌ക്ക് വഴി 7197 യാത്രക്കാരെ സ്‌ക്രീനിംഗിന് വിധേയമാക്കി.

Also Read: 12 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 40 രോഗികൾ

സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു. ജില്ലാ തലത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടീസുകളും വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളിലും പ്രധാന ബസാറുകളിലും ഓഫീസുകളിലും പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ 'ബ്രെക്ക് ദ ചെയിന്‍' - കൈ കഴുകല്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്