ആപ്പ്ജില്ല

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ 164130 പേർ; ജില്ലാടിസ്ഥാനത്തിലുള്ള വിവരങ്ങൾ

കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഏഴ് പേർ വിദേശികളും. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർക്ക്

Samayam Malayalam 1 Apr 2020, 8:15 pm
ഇന്ന് സംസ്ഥാനത്ത് 24 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. ഇതിൽ 237 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 12 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നും 3 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്ന് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. 26 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായപ്പോൾ സംസ്ഥാനത്ത് രണ്ട് പേരാണ് മരണമടഞ്ഞത്.
Samayam Malayalam coronavirus cases in kerala covid 19 affected persons latest news and district wise report
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ 164130 പേർ; ജില്ലാടിസ്ഥാനത്തിലുള്ള വിവരങ്ങൾ


​15 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ച 24 പേരിൽ 9 പേര്‍ വിദേശത്ത് നിന്ന് വന്നവരും ബാക്കിയുള്ളവർ സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരുമാണ്. തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച 30 വയസുള്ളയാള്‍ വീട്ടിലെ നിരീക്ഷണത്തിലും 61 വയസുള്ളയാള്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ ചികിത്സയിലുമാണ്. ഇവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 61 വയസുള്ളയാള്‍ ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. 30 വയസുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നയാളാണെങ്കിലും മറ്റൊരാളുടെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

​​​ആകെ നിരീക്ഷണത്തിൽ 1,64,130 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ1,64,130 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ള 7965 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 7256 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇന്ന് 123 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

​​​​​​​​​​ഇതുവരെ രോഗം സ്ഥിരീകരിച്ചത് 265 പേർക്ക്

സംസ്ഥാനത്ത് ഇതുവരെ 265 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും മരിച്ചവരുൾപ്പെടെയാണ് ഈ കണക്ക്. നിലവില്‍ 237 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നും കാസർകോട് 12 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

​​​​കൂടുതൽപേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട്

ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ്-19 നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 21485 പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21462 ആണ്. ജില്ലയിൽ 23 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 9 പേരെയാണ് ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കോഴിക്കോട് കഴിഞ്ഞാൽ പാലക്കാടാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. 20038 പേരാണ് ഇവിടെ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 19986 പേരും ആശുപത്രിയിൽ 52 പേരുമാണുള്ളത്. ഇന്ന് മാത്രം 10 പേരെയാണ് ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

​​​​കൂടുതൽ പേർ ആശുപത്രിയിലുള്ളത് കാസർകോട്

ഏറ്റവും കുടുതൽ പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത് കാസർകോടാണ്. 177 പേരാണ് ഇവിടെ അഡ്മിറ്റായിരിക്കുന്നത്. ഇന്ന് 17 പേരെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തതിട്ടുള്ളത്. കാസർകോട് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8786 ആണ്. കാസർകോട് കഴിഞ്ഞാൽ കൂടുതൽപേർ ആശുപത്രിയിലുള്ളത് കണ്ണൂരാണ്. 98 പേരാണ് ഇവിടെ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇന്ന് 18 പേരെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തത്.

​​​​​​​​​​ഏറ്റവും കുറവ് ഇടുക്കിയിൽ

സംസ്ഥാനത്ത് കൊറോണ നീരീക്ഷണത്തിൽ ഏറ്റവും കുറവ് ആളുകൾ കഴിയുന്ന ജില്ല ഇടുക്കിയാണ്. 2821 പേർ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2815 ആളുകളും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇടുക്കിക്ക് പിന്നിൽ 3282 പേരുള്ള കോട്ടയമാണ് കുറച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയത്. ഇവിടെ 3278 പേർ വീടുകളിൽ കഴിയുമ്പോൾ 4 പേർ മാത്രമാണ് ആശുപത്രികളിലുള്ളത്.

​​​​ജില്ലകളിൽ നിരീക്ഷണത്തിലുള്ളവർ ഇങ്ങനെ

ജില്ലകളിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം (ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം) എന്ന ക്രമത്തിൽ വായിക്കാം: തിരുവനന്തപുരം- 18058 (77), കൊല്ലം- 16678 (17), പത്തനംതിട്ട- 7575 (17), ഇടുക്കി- 2821 (6), കോട്ടയം- 3282 (4), ആലപ്പുഴ- 8049 (6), എറണാകുളം- 4627 (37), തൃശൂർ- 18863 (38), പാലക്കാട്- 20038 (52), മലപ്പുറം- 12780 (59), കോഴിക്കോട്- 21485 (23), വയനാട്- 10031 (11), കണ്ണൂർ- 10880 (98), കാസർകോട്- 8963 (177).

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്