ആപ്പ്ജില്ല

പാർട്ടിയുടെ തണലിൽ വളരുന്ന ക്വട്ടേഷൻ സംഘങ്ങളെ 'ഒതുക്കാൻ' സിപിഎം

കണ്ണൂര്‍ ജില്ലയിലെ ചില സംഘങ്ങളെപ്പറ്റിയാണ് പാര്‍ട്ടിയ്ക്ക് പരാതി ലഭിച്ചത്. കത്തിന്‍റെ ഉള്ളടക്കം ചര്‍ച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേത‍ൃത്വത്തിലായിരുന്നു യോഗം.

Samayam Malayalam 18 Jun 2019, 9:19 am

ഹൈലൈറ്റ്:

  • അക്രമ രാഷ്ട്രീയം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമാകുന്നുവെന്ന വിലയിരുത്തലിൽ സിപിഎം
  • ക്വട്ടേഷൻ സംഘങ്ങൾക്ക് സംരക്ഷണം നല്‍കരുതെന്ന് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കും
  • കണ്ണൂര്‍ ജില്ലയിലെ അക്രമിസംഘങ്ങളെക്കുറിച്ച് കത്ത് ലഭിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam cpim-759
കണ്ണൂര്‍: പാര്‍ട്ടിയ്ക്ക് ബാധ്യതയായി വളര്‍ന്നു വരുന്ന ക്വട്ടേഷൻ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമവുമായി സിപിഎം. മുൻപ് പാര്‍ട്ടി കേസുകളിൽ പ്രതികളാവുകയും പിന്നീട് ക്വട്ടേഷൻ സംഘം രൂപീകരിച്ച് അക്രമം നടത്തി സാമ്പത്തികലാഭമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് സിപിഎമ്മിന്‍റെ നടപടി. ഇത്തരം സംഘങ്ങള്‍ക്ക് പാര്‍ട്ടി സംവിധാനം സംരക്ഷണമൊരുക്കുന്നില്ലന്ന് ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സമിതി നിര്‍ദ്ദേശം നല്‍കി.
കണ്ണൂര്‍ ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളെപ്പറ്റിയാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി ലഭിച്ചത്. ഇത്തരത്തിലുള്ള ഒരു സംഘത്തെക്കുറിച്ച് പാര്‍ട്ടിയ്ക്ക് കത്ത് ലഭിച്ചതിന് പിന്നാലെയാണ് ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യാൻ സിപിഎം തീരുമാനമെടുത്തത്. കത്തിന്‍റെ ഉള്ളടക്കം ചര്‍ച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേത‍ൃത്വത്തിലായിരുന്നു യോഗം.

പാര്‍ട്ടിയുടെ തണൽ പറ്റി ബ്ലേഡ് ഇടപാടുകളിലും ഭൂമിക്കച്ചവടങ്ങളിലും ഇടപെട്ട് കമ്മീഷൻ പറ്റുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘങ്ങളെപ്പറ്റിയാണ് സിപിഎമ്മിന് പരാതി ലഭിച്ചത്. ഇത്തരക്കാര്‍ നടത്തുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഒടുവിൽ പാര്‍ട്ടിയുടെ തലയിലാണ് വരിക. പാര്‍ട്ടി അനുഭാവമുള്ളവരുടെ പിന്തുണ നഷ്ടപ്പെടാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നുണ്ട്. ഈ സാഹചര്യം അവസാനിപ്പിക്കാനാണ് നടപടി.

സമാനമായ സംഭവങ്ങളിൽ ആരോപണം നേരിടുന്നവരെ അംഗത്വ പരിശോധനാ വേളയിൽ തന്നെ ഒഴിവാക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. പരാതി ലഭിച്ച സംഘത്തിൽപ്പെട്ടവര്‍ പാര്‍ട്ടി അംഗത്വം പുതുക്കാത്തതു മൂലം ഇവര്‍ക്ക് പാര്‍ട്ടിയുാമയി ബന്ധമില്ലെന്ന് 4 ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിൽ റിപ്പോര്‍ട്ട് ചെയ്യാനാണ് തീരുമാനം.

തെരഞ്ഞെടുപ്പ് തോൽവിയിൽ അക്രമ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ടെന്ന തിരിച്ചറിവിലാണ് സിപിഎം. പാര്‍ട്ടിക്കാര‍് പ്രതികളാകുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ സംഭവങ്ങള്‍ നടന്നു കഴിഞ്ഞായിരിക്കും പാര്‍ട്ടി പലപ്പോഴും വിവരം അറിയുന്നത്. എന്നാൽ ഇതിനോടകം സംഭവത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ചുമലിലാകുകയും ചെയ്യും. ഈ വസ്തുത പാര്‍ട്ടി കമ്മിറ്റികളെ ബോധ്യപ്പെടുത്തണമെന്നും മേലിൽ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കരുതെന്നും നിര്‍ദ്ദേശം നല്‍കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്