ആപ്പ്ജില്ല

'പാലാ ബിഷപ്പ് പറഞ്ഞതിനു തെളിവുണ്ട്', 'അന്വേഷിക്കേണ്ടത് പോലീസ്'; ന്യായീകരിച്ച് ദീപിക മുഖപ്രസംഗം

കേരളത്തിലെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലൗ ജിഹാദിനു പുറമെ നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നായിരുന്നു പാലാ രൂപത മെത്രാൻ്റെ വിവാദപരാമര്‍ശം

Samayam Malayalam 11 Sept 2021, 11:56 am

ഹൈലൈറ്റ്:

  • ബിഷപ്പിനെ പിന്തുണച്ച് ദീപിക ദിനപത്രം
  • പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ
  • മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും വിമര്‍ശനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pala bishop
പാലാ ബിഷപ്പിനെ പിന്തുണച്ച് ദീപിക ദിനപത്രം Photo: TNN
കോട്ടയം: കുറവിലങ്ങാട് പള്ളിയിൽ വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമാര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ദീപിക ദിനപത്രം. സമകാലിക കേരളവും ക്രൈസ്തവ സമുദായവും നേരിടുന്ന പ്രശ്നങ്ങളാണ് മെത്രാൻ പങ്കുവെച്ചതെന്ന് കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപത്രത്തിൻ്റെ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. ബിഷപ്പിൻ്റെ വിവാദമായ പരാമര്‍ശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമര്‍ശനം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ദീപികയുടെ പിന്തുണ എന്നത് ശ്രദ്ധേയമാണ്.
തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞെന്നാണ് ദീപിക മുഖപ്രസംഗം പറയുന്നത്. എന്നാൽ ബിഷപ്പ് വിശ്വാസികളോടു പറഞ്ഞ കാര്യങ്ങള്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. അതേസമയം, ബിഷപ്പിൻ്റെ പ്രസ്താവന മറ്റു മതങ്ങളോടുള്ള എതിര്‍പ്പുകൊണ്ടല്ലെന്നും മുഖപ്രസംഗത്തിൽ പരാമര്‍ശമുണ്ട്.

Also Read: വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും അൾത്താര ഉപയോഗിക്കരുത്: ഗീവർഗീസ് മാർ കൂറിലോസ്

ബിഷപ്പിനെ എതിര്‍ത്ത് രംഗത്തെത്തിയ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പിടി തോമസ് എംഎൽഎയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ദീപിക ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം വോട്ടുബാങ്കിലാണെന്നും മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തിൽ രഹസ്യ അജണ്ടയുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ആരാണ് മതസൗഹാര്‍ദത്തിൻ്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു. സഭയുടെ ആശങ്കയാണ് വിശ്വാസികളോടു പങ്കുവെച്ചിട്ടുള്ളതെന്നും എന്നാൽ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് പോലീസാണെന്നും ലേഖനത്തിൽ പറയുന്നു.

ഐസിസിൽ ചേര്‍ന്ന നിമിഷ, സോണിയ, മെറിൻ എന്നിവര്‍ ലൗ ജിഹാദിൻ്റെ തെളിവാണെന്നു ദീപിക ആരോപിച്ചു. ജസ്നയുടെ തിരോധാനത്തിൽ പോലീസ് എന്തുകൊണ്ടാണ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്നും ദീപിക മുഖപ്രസംഗത്തിൽ ചോദിക്കുന്നു. തൊടുപുഴയിൽ അധ്യാപകൻ്റെ കൈവെട്ടിയ സംഭവത്തിൽ സഭ സംയമനം പാലിച്ചത് ക്രൈസ്തവ സമൂഹം മതസൗഹാര്‍ദം പിന്തുടരുന്നതു കൊണ്ടാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Also Read: 'നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് കേൾക്കുന്നത് ആദ്യമായിട്ട്'; പാലാ ബിഷപ്പിൻ്റെ നിലപാട് തള്ളി മുഖ്യമന്ത്രി

ഇരിങ്ങാലക്കുട രൂപത മെത്രാനും ഇന്നലെ പാലാ ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് കേരളത്തിലെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു പാലാ ബിഷപ്പിൻ്റെ വിവാദപരാമര്‍ശം. പ്രണയത്തെ സഭ എതിര്‍ക്കുന്നില്ലെന്നും എന്നാൽ അമുസ്ലീങ്ങളായ എല്ലാവരെയും നശിപ്പക്കുക എന്നതാണ് ജിഹാദ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പാലാ ബിഷപ്പ് പ്രസംഗത്തിൽ പറഞ്ഞു. കോട്ടയം കുറവിലങ്ങാട്ടെ പള്ളിയിൽ നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ പുറത്തെത്തിയതോടെ വലിയ വിവാദമാകുകയായിരുന്നു.

നാർക്കോട്ടിക് ജിഹാദ് എന്ന പേരു തന്നെ ആദ്യമായാണ് കേൾക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെപ്പറ്റി പ്രതികരിച്ചത്. ഏതെങ്കിലും തരത്തിൽ മതപരമായ വേർതിരിവുകൾ ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരിതിരിവുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിഷയം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്