Please enable javascript.AstraZeneca Controversy,കോവിഷീൽഡ് വിവാദം: വാക്സിൻ വിരുദ്ധർ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ഡോ. ബി ഇഖ്ബാൽ - dr b ikbal on astrazeneca covishield vaccine - Samayam Malayalam

കോവിഷീൽഡ് വിവാദം: വാക്സിൻ വിരുദ്ധർ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ഡോ. ബി ഇഖ്ബാൽ

Authored byപ്രണവ് മേലേതിൽ | Samayam Malayalam 30 Apr 2024, 4:54 pm
Subscribe

കോവിഷീൽഡ് വാക്സിന് അപൂർവ്വമായ പാർശ്വ ഫലങ്ങളുണ്ട് എന്നത് പുതിയ കാര്യമല്ലെന്ന് ഡോ. ബി ഇഖ്ബാൽ.

ഹൈലൈറ്റ്:

  • വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്
  • ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്
  • വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു
dr b ikbal
ഡോ. ബി ഇഖ്ബാൽ
കൊച്ചി: കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ഉയർന്നു വന്ന വിവാദം തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന് ന്യൂറോ സർജനും, ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ബി ഇഖ്ബാൽ. കോവിഷീൽഡ്‌ വാക്സിൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ് അതിന്റെ ഫീൽഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്‌ട്രാസെനെക്ക ചെയ്തിട്ടുള്ളതെന്നും ഇഖ്ബാൽ ചൂണ്ടിക്കാട്ടി. വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1796-ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽക്കു തന്നെ വാക്സിൻ വിരുദ്ധത ശക്തമായിരുന്നെന്ന് ഡോ. ഇഖ്ബാൽ പറയുന്നു. ആന്റി വാക്സേഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇവരെ പിന്തുണയ്ക്കുന്നവരാണ് പുതിയ വിവാദത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.


  1. കൊവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചതായുള്ള പത്രവാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച്ച്‌ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
  2. AstraZeneca (ആസ്ട്രസെനെക്ക) മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്സിൻ കോവിഷീൽഡ്‌ (Covishield) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീൽഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്‌ട്രാസെനെക്ക ചെയ്തിട്ടുള്ളത്.
  3. ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്‌സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്‌സിനായി വൈറൽ വെക്‌റ്റർ വാക്‌സിൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്.
  4. വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. മരുന്നിന്റെ പേറ്റന്റ്‌ കൈവശമുള്ളതിനാൽ ആസ്ട്രസെനെക്ക കോടതിയിൽ മൊഴികൊടുത്തതാവാം.
  5. വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിന്റെ അപകടസാധ്യതകൾ, നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളരെ അപൂർവ്വമാണെന്ന് ‌ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  6. വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം.
  7. മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിൻഡ്രോമിന്റെ (Post Covid Condition/Syndrome) ഭാഗമായി രക്തകട്ടകൾ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കോവിഡ്‌ വന്നിരിക്കാൻ സാധ്യതയുണ്ട്‌. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ്‌ ബാധിക്കാം. അതുകൊണ്ട്‌ രോഗലക്ഷണങ്ങൾ കണ്ടാൽ അത്‌ വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്‌.
  8. നിർഭാഗ്യവശാൽ , 1796-ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ, വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്സേഴ്സ് (Anti Vaxxers) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദങ്ങൾ സ്രഷ്ടിച്ച്‌ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത്‌ വരുന്നുണ്ട്‌. . ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയിട്ടുള്ളത്.
  9. ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധുനിക വാക്സിനുകൾ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണു. . ചില അർബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്സിനുകൾ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി Human Papilloma Virus Vaccine: HPV (ഗർഭാഷയ കാൻസർ), Hepatitis B Vaccine (കരൾ കാൻസർ) തുടങ്ങിയവ.. എച്ച്ഐവി/എയ്‌ഡ്‌സ് പോലുള്ള മറ്റ് പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ