ആപ്പ്ജില്ല

കൊവിഡ് 19 ചികിത്സയുടെ പേരിൽ വ്യാജപ്രചാരണം; ഗ്ലൂക്കോസ് ലായനിയുടെ വിൽപനയ്ക്ക് നിയന്ത്രണം

കൊവിഡ് 19 പ്രതിരോധിക്കാൻ മൂക്കിൽ ഗ്ലൂക്കോസ് ലായനി ഒഴിച്ചാൽ മതിയെന്നായിരുന്നു മുതിര്‍ന്ന ഡോക്ടറുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് പ്രദേശത്ത് ഗ്ലൂക്കോസ് ലായനിയുടെ വിൽപന കൂടിയത്.

Samayam Malayalam 22 Oct 2020, 11:30 am
Samayam Malayalam Covid19
പ്രതീകാത്മക ചിത്രം. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നത്. Photo: The Times of India
കോഴിക്കോട്: ഗ്ലൂക്കോസ് ലായനി മൂക്കിലൊഴിച്ചാൽ കൊവിഡ് 19 രോഗബാധ നിയന്ത്രിക്കാമെന്ന വ്യാജപ്രചാരണം ശക്തമായതിനു പിന്നാലെ സംസ്ഥാനത്ത് നടപടിയുമായി ഡ്രഗ്സ് കൺട്രോള്‍ വിഭാഗം. കോഴിക്കോട് കൊയിലാണ്ടി താലൂക്കിൽ ചെറിയ കുപ്പികളിലാക്കി ഗ്ലൂക്കോസ് ലായനി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രഗ്സ് കൺട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വിൽപനയ്ക്ക് തടയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ഡെക്സ്ട്രോസ് 25 മരുന്നിൻ്റെ ബോട്ടിലുകള്‍ തുറന്ന് ഇത് ചെറിയ കുപ്പികളിലാക്കി വിൽക്കുകയായിരുന്നുവെന്നും മരുന്നുകളുടെ കൂട്ട് ഉണ്ടാക്കാനുള്ള ലൈസൻസ് ഉപയോഗിച്ചായിരുന്നു ഈ വിൽപനയെന്നുമാണ് ഡ്രഗ്സ് കൺട്രോള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗ്ലൂക്കോസ് ലായനി വിൽക്കുന്നതിന് താലൂക്കിൽ നിരധനം ഏര്‍പ്പെടുത്തുകയായിരുന്നു.

Also Read: സിബിഐക്ക് കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാനാകില്ല; അനുമതി പിൻവലിച്ച് ഉദ്ധവ് താക്കറെ

ഇഎൻടി വിദഗ്ധനും ആരോഗ്യ വകുപ്പിൻ്റെ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ കൊയിലാണ്ടി സ്വദേശി ഡോക്ടര്‍ ഇ സുകുമാരനാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. യാതൊരു വിധ ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്താതെയുള്ള ഇദ്ദേഹത്തിൻ്റെ വാദം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രദേശത്ത് ഗ്ലൂക്കോസ് ലായനിയുടെ കച്ചവടം വര്‍ധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി ദിവസേന രണ്ട് നേരം മൂക്കിലൊഴിച്ചാൽ കൊവിഡ് 19നെ പ്രതിരോധിക്കാമെന്നാണ് ഇദ്ദേഹത്തിൻ്റെ അവകാശവാദം. തന്‍റെ കണ്ടെത്തലിന് ഐസിഎംആറിൻ്റെ അംഗീകാരം ലഭിച്ചെന്ന ഇദ്ദേഹത്തിൻ്റെ വാദം മാതൃഭൂമി വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം ആരോഗ്യവിദഗ്ധര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

Also Read: രാജ്യത്തെ കൊവിഡ് കേസുകൾ 77 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,000ത്തിലധികം കേസുകൾ

വ്യാജ പ്രചാരണത്തിനു പിന്നാലെ ജില്ലയിൽ ഗ്ലൂക്കോസ് ലായനിയുടെ വിൽപന വര്‍ധിച്ചതായി ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഡ്രഗ്സ് കൺട്രോള്‍ വിഭാഗത്തിന് പരാതി നല്‍കുകയായിരുന്നു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഡോ. സുകുമാരൻ്റെ വാദങ്ങള്‍ക്കെതിരെ ഇതിനോടകം നിരവധി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ വാദങ്ങളിൽ മിക്കതും അശാസ്ത്രീയമാണെന്നും കൊറോണ വൈറസിൻ്റെ സ്വഭാവത്തെക്കുറിച്ചും ഇദ്ദേഹം അവകാശപ്പെടുന്ന പുതിയ ചികിത്സാരീതിയെക്കുറിച്ചുമുള്ള യാതൊരു പഠനങ്ങളും നടന്നിട്ടില്ലെന്നുമാണ് ഇൻഫോക്ലിനിക് അടക്കമുള്ള കൂട്ടായ്മകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്