ആപ്പ്ജില്ല

ഇഞ്ചി കൃഷി സത്യവാങ്മൂലത്തിൽ ഇല്ലാത്തതെന്ത്? ഷാജി 'അര എംഎല്‍എ' സ്ഥാനം ഒഴിയണമെന്ന് റഹീം

അങ്ങനെയെങ്കില്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കര്‍ഷകര്‍ക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണം. അതിന് ഡിവൈഎഫ്ഐ സൗകര്യം ഒരുക്കി നൽകുമെന്ന് റഹീം

Samayam Malayalam 25 Oct 2020, 2:33 pm
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിക്കെതിരെ ആരോപണങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കെഎം ഷാജി കള്ളപ്പണക്കാരനാണെന്നും ആസ്തിയിലുണ്ടായ വർധനവിന്‍റെ ഉറവിടം വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Samayam Malayalam aa raheem
എഎ റഹീം വാർത്താ സമ്മേളനം നടത്തുന്നു. PHOTO: Dyfi Kerala/ facebook


കള്ളപ്പണ ഇടപാടിന്‍റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമായി ഷാജി മാറിയിരിക്കുകയാണെന്നും റഹീം ആരോപിച്ചു. തെരഞ്ഞെടുപ്പുകളിൽ ഷാജി സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്ന് അദ്ദേഹത്തിന്‍റെ ആസ്തിയിലുണ്ടായിരിക്കുന്നത് അസാധരണമായ വർധനവാണെന്ന് വ്യക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ ആരോപണം.

Also Read : 'ശ്രീ വിനു വി ജോൺ', എന്നെക്കുറിച്ചുള്ള ആ വാ‍ര്‍ത്ത 'ഫാക്ച്വലി കറക്ട്' ആയിരുന്നോ? കെ ആര്‍ മീര

2016ലെ സത്യവാങ്മൂലത്തില്‍ നാൽപ്പത്തേഴ് ലക്ഷം രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്. തൊട്ടടുത്ത മാസങ്ങളില്‍ പണി പൂര്‍ത്തിയായ വീട് വേങ്ങേരി വില്ലേജ് ഓഫീസര്‍ അളക്കുന്നു. ഇതില്‍ മൂന്ന് നിലകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5660 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് ഇത്. രണ്ട് നില വീടിനുള്ള പെര്‍മിറ്റ് മാത്രമുള്ളപ്പോളാണ് ഇത് റഹീം പറഞ്ഞു.

ഈ വീടിന് അന്നത്തെ കണക്ക് പ്രകാരം നാല് കോടിയിലധികം തുക ചെലവായിട്ടുണ്ടാകാമെന്ന് പറഞ്ഞ റഹീം അങ്ങനെയെങ്കിൽ ഇത്രയും മാസത്തിനുള്ളിൽ എങ്ങനെയാണ് ഇത്രയധികം തുക ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഇഞ്ചി കൃഷി നടത്തിയാണ് വീടുവയ്ക്കാന്‍ പണം കിട്ടിയതെന്നാണ് ഷാജി പറയുന്നതെങ്കിൽ അക്കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും, ബാങ്കുവഴിയാണ് ഇത്രയും തുക കൈമാറിയതെങ്കില്‍ അതിന്റെ രേഖ എവിടെയെന്നും റഹീം ചോദിച്ചു.

Also Read: കാർഷിക ബില്ലുകൾ കർഷകർക്ക് നല്ല മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്ന് പ്രധാനമന്ത്രി

ഇഞ്ചി കൃഷി പരാമർശത്തെക്കുറിച്ച് പ്രതികരിച്ച റഹീം അങ്ങനെയെങ്കിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കര്‍ഷകര്‍ക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അതിന് ഡിവൈഎഫ്ഐ സൗകര്യമൊരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തനം സ്വത്ത് സമ്പാദിക്കാനുള്ള മാർഗമായാണ് ഷാജി കാണുന്നതെന്ന് പറഞ്ഞ റഹീം ഇക്കാര്യത്തിൽ പാണക്കാട് തങ്ങൾ പ്രതികരിക്കണമെന്നും കൂട്ടിച്ചേർത്തു.

ഷാജി തുടര്‍ച്ചയായി കള്ളം പറയുകയാണെന്നും ഡിവൈഎഫ്ഐ നേതാവ് ആരോപിച്ചു. ഷാജി അധോലോക കര്‍ഷകനാണെന്നും അതുകൊണ്ട് തന്‍റെ അര എംഎല്‍എ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്