ആപ്പ്ജില്ല

വില്ലേജ് ഓഫിസുകളില്‍ പണമടക്കാന്‍ ഇനി ഇ-പോസ് മെഷീനും

നികുതികളും ഫീസുകളും കറന്‍സി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ റവന്യൂ ഓഫിസുകളിലെ ഭരണ സംവിധാനം വേഗത്തിലാകുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍. വിവര സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ഭരണ സംവിധാനത്തില്‍ പ്രായോഗികമായി നടപ്പാക്കുകയെന്നതാണു സര്‍ക്കാറിന്റെ നിലപാടെന്ന് മന്ത്രി

Samayam Malayalam 21 Jun 2019, 5:42 pm
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ഇ-പോസ് മെഷീനുകള്‍ (എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം) ഏര്‍പ്പെടുത്തുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. നികുതികളും ഫീസുകളും കറന്‍സി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ റവന്യൂ ഓഫിസുകളിലെ ഭരണ സംവിധാനം വേഗത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ഇ-പോസ് മെഷീനുകള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam e pose machine


വിവര സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ഭരണ സംവിധാനത്തില്‍ പ്രായോഗികമായി നടപ്പാക്കുകയെന്നതാണു സര്‍ക്കാറിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. ഭരണ നിര്‍വഹണം വേഗത്തിലാകുന്നതിനൊപ്പം സര്‍ക്കാരില്‍നിന്നുള്ള സേവനങ്ങള്‍ അതിവേഗം ജനങ്ങളിലെത്താന്‍ ഇതുവഴി സാധിക്കും. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ജൂലായ് 31നകം ഇ-പോസ് മെഷീനുകള്‍ വഴി പണം സ്വീകരിക്കുന്ന സംവിധാനം കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഉദ്യോഗസ്ഥ സംവിധാനം ഇതിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ അധ്യക്ഷത വഹിച്ച വി.എസ്. ശിവകുമാര്‍ എം.എല്‍.എയില്‍നിന്ന് ഇ-പോസ് മെഷീന്‍ വഴി നികുതി സ്വീകരിച്ചാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസുകളിലും ജൂലായ് 31നു മുന്‍പ് ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം താലൂക്ക് ഓഫിസില്‍ നടന്ന ചടങ്ങില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സി.എ. ലത, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് തോമസ് വി. കുര്യാക്കോസ്, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍ തുടങ്ങിയവരും പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്