ആപ്പ്ജില്ല

ആ പുഞ്ചിരിയും മാഞ്ഞു; അഭിലാഷ് വിട പറഞ്ഞു

നോവിലും പുഞ്ചിരിയോടെ നമ്മളെയൊക്കെ നോക്കി കിടന്ന കാറഡുക്കയിലെ അഭിലാഷ് ഇനിയില്ല

TNN 22 Dec 2016, 7:19 pm
കാസർഗോഡ്: എൻഡോസൾഫാൻ പെയ്ത ദുരിതമഴയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഒരു വിധിക്കും കീഴടങ്ങാതെ നോവിലും പുഞ്ചിരിയോടെ നമ്മളെയൊക്കെ നോക്കി കിടന്ന കാറഡുക്കയിലെ അഭിലാഷ് ഇനിയില്ല. ഒടുവിൽ അവനും മടങ്ങി.
Samayam Malayalam endosulfan victim abhilash died in kasargod
ആ പുഞ്ചിരിയും മാഞ്ഞു; അഭിലാഷ് വിട പറഞ്ഞു


തല വലുതായി ഉടൽ ശോഷിക്കുന്ന ഹൈഡ്രോ സെഫാലസ് എന്ന രോഗമായിരുന്നു അഭിലാഷിന്. എൻഡോസൾഫാൻ പ്രയോഗത്തിന്റെ അനന്തരഫലമായി ഉണ്ടാവുന്ന മാരക രോഗമാണ് ഹൈഡ്രോ സെഫാലസ്. കാറഡുക്കയിലെ ബാലസുബ്രമണ്യ ഭട്ടിന്റെയും ശ്രീവിദ്യയുടേയും ഏകമകനായിരുന്നു.

ഡോക്ടർ ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷികൾ' എന്ന സിനിമയുടെ ആദ്യ ഷോട്ട് തുടങ്ങുന്നത് അഭിലാഷിന്റെ നിഷ്കളങ്ക മന്ദഹാസ മുഖത്തിൽ നിന്നാണ്. അതിന് മുമ്പ് അഭിലാഷിന്റെ ഫോട്ടോ എടുക്കാൻ ആരേയും അനുവദിച്ചിരുന്നില്ല.

അഭിലാഷിന്റെ കളിപ്പാട്ടങ്ങളുമായുള്ള കുഞ്ഞു കളികൾക്ക് തടസം ഉണ്ടാക്കാതെയാണ് എം.ജെ രാധാകൃഷണൻ അവനെ ചിത്രീകരിച്ചത്.അഭിലാഷിന്റെ ചലനങ്ങൾ കണ്ട് ആ യൂണിറ്റിലെ ഓരോ അംഗങ്ങളുടേയും കണ്ണ് നിറഞ്ഞിരുന്നുവെന്ന് വാർത്ത എഫ്ബിയിൽ പങ്കു വെച്ച നിസാം റാവുത്തർ കുറിക്കുന്നു.

"സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യുന്ന പോലെ ഈ ചിത്രീകരണത്തിന്റെ ലൊക്കേഷനിൽ പെരുമാറിക്കൂടാ എന്ന് ഷൂട്ടിങ്ങിന് തലേന്ന് ഡോക്ടർ ബിജു തന്റെ ക്രൂ മെമ്പേഴ്സി നോട് പറഞ്ഞിരുന്നു. നമ്മൾ പോകുന്നത് ദുരിതം അനുഭവിക്കുന്നവരുടെ ഇടയിലേക്കാണ്. ആ അനുകമ്പയും കരുണയും ഷൂട്ടിങ്ങിലുടനീളം
ഓരോ അംഗങ്ങളും കാത്തു സൂക്ഷിച്ചു" - റാവുത്തർ ഓർമ്മിക്കുന്നു.

വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട്: നിസാം റാവുത്തർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്