ആപ്പ്ജില്ല

കെ-ഫോൺ, ഇ-മൊബിലിറ്റി; സംസ്ഥാന സർക്കാർ പദ്ധതികൾക്കെതിരെ അന്വേഷണത്തിന് ഇഡി

എം ശിവശങ്കര്‍ മുൻകൈയെടുത്ത സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെയാണ് കേന്ദ്ര ഏജൻസികള്‍ അന്വേഷണം ആരംഭിക്കുന്നത്.

Samayam Malayalam 1 Nov 2020, 12:26 pm
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വൻ പദ്ധതികള്‍ക്കെതിരെ അന്വേഷണം നടത്താൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറിയോട് എൻഫോഴ്സ്മെൻ്റ് തേടിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൻമുതൽമുടക്കിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെഫോൺ, ഇ - മൊബിലിറ്റി, ഡൗൺടൗൺ, സ്മാര്‍ട്സിറ്റി പദ്ധതികളെപ്പറ്റിയാണ് ഇഡി അന്വേഷണം വരുന്നത്.
Samayam Malayalam pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ Photo: The Times of India/ File


സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ വലിയ പദ്ധതികളിലേയ്ക്ക് അന്വേഷണം നീണ്ട സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി പ്രതിഷേധം ശക്തിപ്പെടുത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ യുഡിഎഫ് നടത്തുന്ന സമരത്തിന് പിന്നാലെയാണ് ബിജെപിയുടെ സമരം. കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആഘോഷിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിൽ കോടികളുടെ കമ്മീഷൻ ഇടപാട് നടന്നെന്ന് ആരോപിച്ചാണ് ബിജെപിയുടെ നിൽപ്പ് സമരം.

Also Read: 'ലൗ ജിഹാദ് വേണ്ട'; മിശ്രവിവാഹങ്ങള്‍ 'നിയന്ത്രിക്കാൻ' വിവാദനീക്കവുമായി യുപി സര്‍ക്കാര്‍

സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ അതിവേഗ ഇൻ്റര്‍നെറ്റ് ലഭ്യമാക്കാനും പാവപ്പെട്ട വീടുകളിലേയ്ക്കും സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും കേബിള്‍ വഴി ഇൻ്റര്‍നെറ്റ് എത്തിക്കാനുമുള്ള കെഫോൺ പദ്ധതി അന്തിമഘട്ടത്തോടടുക്കുമ്പോഴാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എം ശിവശങ്കറിനു പുറമെ സംസ്ഥാനത്തെ മറ്റ് ഐഎഎസുകാരുടെ പങ്കും അന്വേഷിക്കുമെന്നും വിവിധ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സര്‍ക്കാരിനെയം പാര്‍ട്ടിയെയും അസ്ഥിരപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. കേരളത്തിൽ നിലവിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അറസ്റ്റുകൾക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും സിപിഎം വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Also Read: എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്; അവാർഡ് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്