ആപ്പ്ജില്ല

ക്രിസ്മസ്-പുതുവത്സരം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്

കള്ളുഷാപ്പുകളും, വിദേശ മദ്യ വില്പനശാലകളും, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും

Samayam Malayalam 5 Dec 2018, 6:09 pm
കൊച്ചി: 2018-19 ലെ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രമാണിച്ച് സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ഇതിന്‍റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക സ്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ റെയിഡുകളും, വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Samayam Malayalam Excise Check Post


കള്ളുഷാപ്പുകളും, വിദേശ മദ്യ വില്പനശാലകളും, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും. പ്രധാന റോഡുകളില്‍ വാഹനപരിശോധനയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോളിംഗ് പാര്‍ട്ടികളും ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും.

വ്യാജമദ്യ-മയക്കുമരുന്ന് നിര്‍മ്മാണം, വില്പന, പൊതു സ്ഥലങ്ങളിലുള്ള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുള്ള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്, മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ്-റവന്യൂ-വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്