ആപ്പ്ജില്ല

വിശ്വാസികളെ മുറിപ്പെടുത്തുന്ന കമ്യൂണിസ്റ്റ് മനോഭാവം; ജെന്റർ ന്യൂട്രൽ യൂണിഫോമിൽ ശിരോവസ്ത്രം അപ്രായോഗികമെന്ന് ഫാത്തിമ തഹ്ലിയ

ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്- ഫാത്തിമ പറയുന്നു.

Samayam Malayalam 14 Dec 2021, 9:17 pm
കൊച്ചി: ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ആശയത്തിന്റെ പ്രതിഫലനമാണെന്ന് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഒരു ജെന്റർ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്ററിൽ പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നതിനോട് വിയോജിക്കുകയാണെന്ന് ഫാത്തിമ പറഞ്ഞു.
Samayam Malayalam Fathima Thahliya
ഫാത്തിമ തഹ്ലിയ | Image: Facebook


മെഡിക്കൽ കോളേജുകളിൽ 307 എന്‍എജെആര്‍മാർക്ക് നിയമനം; പിജി ഡോക്ടർമാർ സമരത്തിൽ നിന്നും പിന്മാറണമെന്ന് വീണ ജോർജ്ജ്
'ലിംഗസ്വത്വം' എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. 'ലിംഗസ്വത്വം' എന്നത് നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ്. ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയിൽ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളിൽ രൂപപ്പെടുന്നത്. അതിനെ ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യം- ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് 'ജെന്റർ ന്യൂട്രൽ'എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാർഗമായിട്ടാണ്. പരമ്പരാഗതമായി നിർവചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുൻവിധികളോ ഇല്ലാതെ ഏവർക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജെന്റർ ന്യൂട്രാൽ കൊണ്ട് അർത്ഥമാക്കുന്നത്.

അങ്ങനെയെങ്കിൽ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഒരു ജെന്റർ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്ററിൽ പെട്ട മറ്റു വിദ്യാർത്ഥികളുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു. നാണക്കേടും, വിമർശനവും, ഭീഷണിയുമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും, അവർക്കാവശ്യമുള്ള വസ്ത്രം ധരിക്കാൻ പിന്തുണയ്ക്കുന്ന സംസ്ക്കാരം രൂപപ്പെടുത്തുകയല്ലെ യഥാർത്ഥ ലിബറൽ വാദം ചെയ്യേണ്ടത് ? പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

കെ റെയിൽ: യുഡിഎഫിനെ പ്രതിരോധത്തിലാക്കി തരൂർ; എംപിമാരുടെ നിവേദനത്തിൽ ഒപ്പുവെച്ചില്ല
ഇതോടൊപ്പം ചർച്ചചെയ്യേണ്ടകാര്യം തന്നെയാണ് വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ? ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്- ഫാത്തിമ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്