ആപ്പ്ജില്ല

നികുതി ചോര്‍ച്ച കണ്ടെത്താൻ അതിര്‍ത്തിയിൽ നിര്‍ബന്ധിത വാഹനപരിശോധന

മൂന്നുമാസത്തേയ്ക്ക് ചരക്കുവാഹനങ്ങളിൽ നിന്ന് ഇ വേ ബിൽ പരിശോധിക്കാൻ നടപടി

Samayam Malayalam 5 Aug 2018, 10:01 am
തിരുവനന്തപുരം: ജിഎസ്‍ടി വന്നതിനു ശേഷം അതിര്‍ത്തികളിൽ നിര്‍ത്തലാക്കിയ വാണിജ്യനികുതി ചെക്ക്പോസ്റ്റുകള്‍ വീണ്ടും തുറക്കുന്നു. അന്തര്‍ സംസ്ഥാന നികുതി വരുമാനത്തിൽ ഉണ്ടായ ഇടിവിന് കാരണം കണ്ടെത്താനാണ് താത്കാലികാടിസ്ഥാനത്തിൽ ചെക്ക്പോസ്റ്റുകള്‍ വീണ്ടും തുറക്കുന്നത്.
Samayam Malayalam valayar


ചെക്ക് പോസ്റ്റുകളിൽ മുൻപുണ്ടായിരുന്ന ഇ-വേ ബിൽ പരിശോധന വീണ്ടും ആരംഭിക്കാൻ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ചരക്കുവാഹനങ്ങളും ജിഎസ്‍‍‍ടി സ്ക്വാഡുകള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കും.

നിലവിൽ പ്രതിമാസം 650 കോടി രൂപ ജിഎസ്‍‍ടി വരുമാനമായി സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ചരക്ക് കൊണ്ടുവരുമ്പോള്‍ ഉത്പാദകരിൽ നിന്നും വ്യാപാരികളിൽ നിന്നും ലഭിക്കുന്ന ഐജിഎസ്‍‍ടി വരുമാനമായി 800 കോടി രൂപയോളവും ലഭിക്കുന്നുണ്ട്.എന്നാൽ ഈ ഇനത്തിൽ 1200 കോടിയെങ്കിലും പ്രതിമാസം ലഭിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്.

വ്യാപാരികള്‍ നികുതി അടയ്ക്കാത്തതാണോ ബില്ലിൽ തട്ടിപ്പ് നടത്തുന്നതാണോ അതോ കേന്ദ്രസര്‍ക്കാരിന്‍റെ കണക്കിലെ പിശകാണോ വരുമാനത്തിന് കാരണമെന്ന് കണ്ടെത്താനാണ് പരിശോധന പുനരാരംഭിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ കൈമാറാത്തതുമൂലം നികുതിവരുമാനം സംബന്ധിച്ച സര്‍വേയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പരിശോധനയ്ക്കായി ജിഎസ്‍‍ടി ഇൻ്റലിജൻസ് സ്ക്വാഡുകളുടെ എണ്ണവും 190 ആയി ഉയര്‍ത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വാടകയ്ക്കെടുക്കാനും സാധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്