ആപ്പ്ജില്ല

ജംബോ കമ്മിറ്റികളില്ല; പാർട്ടിയെ ശക്തിപ്പെടുത്താൻ കുടുംബ യൂണിറ്റുകൾ; സുധാകരൻ്റെ ആശയങ്ങൾ ഇങ്ങനെ

രാഷ്ട്രീയവിദ്യാഭ്യാസം നല്‍കാൻ പാര്‍ട്ടി സ്കൂളുകള്‍ തുടങ്ങാനും കെപിസിസി മേഖലാ ഓഫീസുകള്‍ സ്ഥാപിച്ച് സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തനം ശക്തിപ്പെടുത്താനുമാണ് സുധാകരൻ്റെ നീക്കം

Samayam Malayalam 22 Jun 2021, 2:19 pm

ഹൈലൈറ്റ്:

  • നാളെ നിര്‍ണായക യോഗം
  • ലക്ഷ്യം കെപിസിസി, ഡിസിസി പുനഃസംഘടന
  • പാര്‍ട്ടിയിൽ കൂടുതൽ ശക്തനായി കെ സുധാകരൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam KPCC president K Sudhakaran
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ Photo: The Times of India/File
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ പാര്‍ട്ടി പുനഃസംഘടനയുടെ തിരക്കുകളിലേയ്ക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതിയ കെപിസിസി പ്രസിഡൻ്റ് ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി നാളെ ചേരും. ഡിസിസികളിൽ വലിയ അഴിച്ചുപണിയ്ക്കാണ് സുധാകരൻ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെപിസിസിയിലും ഡിസിസികളിലും ജംബോ കമ്മിറ്റികള്‍ ഉണ്ടാക്കുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. അതേസമയം, പുതിയ ഭാരവാഹി പട്ടികയിലേയ്ക്ക് നേതാക്കളുടെ വലിയ തള്ളിക്കയറ്റമാണ് ഉണ്ടാകുന്നത്. ഇതിനെ അതിജീവിച്ച് ഡിസിസികള്‍ക്ക് പുതിയ മുഖം നല്‍കുകയാണ് സുധാകരൻ്റെ മുന്നിലെ വെല്ലുവിളി. കെ സുധാകരൻ്റെ നീക്കങ്ങള്‍ക്കെതിരെ ഇരുഗ്രൂപ്പുകളും രംഗത്തെത്തുന്നതിനിടെയാണ് കെപിസിസിയിലും ഡിസിസിയിലും വരുത്തുന്ന പുതിയ പരിഷ്കാരങ്ങള്‍.

Also Read: പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് പവാര്‍; 'കേന്ദ്രം പരാജയം'; ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്താൻ 'രാഷ്ട്രീയ മഞ്ച്

നിര്‍വാഹക സമിതി അടക്കം കെപിസിസിയിൽ 51 അംഗങ്ങള്‍ എന്നതാണ് സുധാകരൻ്റെ നിലപാട്. വൈസ് പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരുമായി പത്തുപേരിൽ താഴെ മാത്രമാണ് ഉണ്ടാകുക. മുല്ലപ്പള്ളി രാമചന്ദ്രൻ 96 സെക്രട്ടറിമാരെ നിയമിച്ചിരുന്നെങ്കിൽ സെക്രട്ടറിമാരായി ആരെയെങ്കിലും നിയമിക്കേണ്ടതുണ്ടോ എന്നാണ് സുധാകരൻ പരിശോധിക്കുന്നത്.

Also Read: 'ജോസ് പക്ഷം ഇനി ആ പഴയ പാർട്ടിയല്ല, അടിമുടി മാറും': കേഡർ സംവിധാനത്തിലേക്ക്, പ്രധാന മാറ്റങ്ങൾ

എന്നാൽ കോൺഗ്രസ് സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്താൻ കൂടുതൽ ആശയങ്ങള്‍ സുധാകരൻ്റെ കൈയ്യിലുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും 20 മുതൽ 30 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി കുടുംബ യൂണിറ്റുകള്‍ തുടങ്ങാനും കെ സുധാകരൻ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യവും നാളത്തെ യോഗം പരിഗണിക്കും. കൂടാതെ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ പ്രാധാന്യം പഠിപ്പിക്കാനായി പാര്‍ട്ടി സ്കൂളുകള്‍ തുടങ്ങാനും മൂന്ന് കെപിസിസി മേഖലാ ഓഫീസുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതേേസമയം, എ, ഐ ഗ്രൂപ്പുകള്‍ക്ക് സുധാകരനോടുള്ള സമീപനം സംബന്ധിച്ചും നാളത്തെ യോഗത്തിൽ വ്യക്തത വരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്