ആപ്പ്ജില്ല

കേരളം തണുക്കുമ്പോൾ അറബിക്കടൽ തിളക്കുന്നു; കൗതുകത്തോടെ ഗവേഷകര്‍

അളവിൽ കവിഞ്ഞ ചൂടിലാണ് അറബിക്കടൽ നിലനിൽക്കുന്നത്. എന്നാൽ ഇതിനു പിന്നിലുള്ള ശാസ്ത്രീയ വശം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എര്‍ത്ത് സയൻസ് റിസര്‍ച്ചറായ രാജീവൻ ഇരിക്കുളം അറബിക്കടലിൻ്റെ താപനത്തെ കുറിച്ച് സംസാരിക്കുന്നു.

Samayam Malayalam 20 Sept 2019, 1:46 pm
കേരളം മഴയാൽ തണുക്കുമ്പോഴും അറബിക്കടൽ തിളച്ച് തന്നെ. മൺസൂൺ തകര്‍ത്ത് പെയ്യുമ്പോൾ അറബിക്കടലിൽ അളവിൽ കവിഞ്ഞ ചൂട് നിലനിൽക്കുകയാണ്. ലോകത്തിൽ തന്നെ അതിവേഗത്തിൽ ചൂട് കൂടുന്ന സമുദ്രമാണ് അറബിക്കടൽ. എന്നാൽ ഇതിന് പിന്നിലുള്ള ശാസ്ത്രീയ വശം തേടി ഗവേഷകര്‍ തലപുകയ്ക്കുകയാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ താപനം കൂടുന്നതെന്നുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. ആഗോളതാപനവും ഇതിലേക്ക് വിരൾ ചൂണ്ടുന്ന വസ്തുതയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എര്‍ത്ത് സയൻസ് റിസര്‍ച്ചറായ രാജീവൻ ഇരിക്കുളം സമയം മലയാളത്തോട് പറയുന്നു.
Samayam Malayalam Arabian Sea


ആഗോളതാപനത്തിൻ്റെ വിരലടയാളങ്ങളിലൊന്നാണ് ഇന്ത്യൻ മഹാസമുദ്രം. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ താപനം ആഗോളതാപനത്തിൻ്റെ ഏറ്റവും ശക്തമായ വശങ്ങളിലൊന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് കൂടുന്ന സാഹചര്യം അത്ലാൻ്റിക് സമുദ്രത്തിന് അനുകൂലമാകുമെന്ന് നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണൽ ചൂണ്ടിക്കാട്ടുന്നുണ്ട് . ഇന്ത്യൻ മഹാസമുദ്രത്തിലെ ഉയർന്ന തോതിലുള്ള മഴ അറ്റ്ലാൻ്റിക് സമുദ്രത്തിലെ മഴ കുറയ്ക്കുകയും ജലത്തിൽ ലവണാംശം വർദ്ധിപ്പിക്കുകയും ചെയ്യും,കാരണം അത് നേർപ്പിക്കാൻ ആവശ്യമായ മഴവെള്ളം ഉണ്ടാകില്ല. അറ്റ്ലാന്റിക് സമുദ്രത്തിലെ ഈ ഉപ്പുവെള്ളം, AMOC വഴി വടക്കോട്ട് വരുന്നതിനാൽ പതിവിലും വേഗത്തിൽ തണുപ്പ് അനുഭവപ്പെടുകയും വേഗത്തിൽ താഴുകയും ചെയ്യും. ഇത് AMOC- യുടെ ഒരു ജമ്പ്-സ്റ്റാർട്ട് ആയി പ്രവർത്തിക്കുകയും സർക്കുലേഷൻ ശക്തമാക്കുകയും ചെയ്യും. ഉഷ്ണമേഖലാ അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന് വടക്ക് ആർട്ടിക് ഭാഗത്തേക്ക് ചൂടുവെള്ളം എത്തിക്കുന്ന ഒരു വലിയ സമുദ്ര പ്രവാഹമാണ് AMOC.

ഇന്ത്യയിൽ ഇത്തവണ ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം പൊതുവേ കൂടുതലാണ്. അറബിക്കടലുമായി താരതമ്യപ്പെടുത്തുമ്പോൾ ബംഗാള്‍ ഉള്‍ക്കടലിലാണ് ഏറ്റവും കൂടുതൽ ന്യൂനമര്‍ദ്ദം ഉണ്ടായിരിക്കുന്നത്. താപനില ഉയരുന്നതാണ് ന്യൂനമര്‍ദ്ദങ്ങള്‍ കൂടാനുള്ള പ്രധാന കാരണം. എന്നാൽ ബംഗാൾ ഉൾക്കടലിൽ താപനം കുറഞ്ഞ് സാധാരണ നിലയിലേക്ക് എത്തി. പൊതുവേ മൺസൂണിൻ്റെ തുടക്കത്തിൽ അറബിക്കടൽ ചൂടായിരിക്കും. ഇത് കാരണമാണ് മൺസൂണിനൊപ്പം ന്യൂനമര്‍ദ്ദങ്ങളും ഉണ്ടാകുന്നത്. പിന്നീട് മഴയോടെ കടൽ തണുക്കും. നിലവിൽ ഇതിന് വിപരീതമായ സാഹചര്യമാണ് അറബിക്കടലിലുള്ളത്.

അറബിക്കടലിലെ താപനം പ്രളയത്തിൻ്റെ സ്ഥിരീകരിക്കാത്ത കാരണങ്ങളിൽ ഒന്നാകാം. കടൽ ചൂടാകുമ്പോള്‍ മഴമേഘങ്ങൾ രൂപപ്പെട്ട് മഴയായി പരിണമിക്കുന്നു. സാധാരണ മൺസൂര്‍ പകുതിയോടെ അറബിക്കടൽ തണുക്കേണ്ടതാണ്. എന്നാൽ മൺസൂൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും അളവിൽ കവിഞ്ഞ ചൂടിലാണ് അറബിക്കടൽ.

ജൂൺ 1 മുതൽ സെപ്റ്റംബര്‍ 30 വരെയാണ് മൺസൂൺ കാലഘട്ടം. ഇത്തവണ ജൂൺ 8 നാണ് മൺസൂൺ ആരംഭിച്ചത്. ഈ കാലതാമസം പിൻവാങ്ങലിലും ദൃശ്യമാകും. സാധാരണ സെപ്റ്റംബര്‍ ഒന്നിന് രാജസ്ഥാനിൽ നിന്ന് മൺസൂൺ പിൻവാങ്ങേണ്ടതാണ്. എന്നാൽ ഇതുവരെ പിൻവാങ്ങൽ സൂചനകള്‍ ദൃശ്യമായിട്ടില്ല. ഒക്ടോബർ രണ്ടാം ആഴ്ചയോടെ മൺസൂൺ പിൻവാങ്ങൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അറബിക്കടലിൽ രണ്ട് ദിവസത്തിനകം ന്യൂനമര്‍ദ്ദം രൂപപ്പെടുമെങ്കിലും കേരളത്തെ ഇത് ബാധിച്ചേക്കില്ല. ബംഗാള്‍ ഉള്‍ക്കലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തിൽ മഴ തുടരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്